തിരുവനന്തപുരം: പാര്‍ട്ടി രഹസ്യങ്ങള്‍ വാര്‍ത്താമാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതിന്റെ പേരില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്റെ മൂന്ന് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ പുറത്താക്കിയേക്കുമെന്ന് സൂചന. വി.എസ്സിന്റെ പ്രസ് സെക്രട്ടറി കെ.ബാലകൃഷ്ണന്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ.ശശിധരന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് എ.സുരേഷ് എന്നിവരെ പുറത്താക്കാനാണ് ഇന്ന് ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന സമിതി യോഗത്തില്‍ ധാരണയായത്.

പാര്‍ട്ടി തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തില്‍ മൂവരോടും പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇവരുടെ വിശദീകരണം തള്ളിക്കൊണ്ടാണ് പാര്‍ട്ടി തീരുമാനം എടുത്തിരിക്കുന്നത്.

ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടിയെ മോശമാക്കാന്‍ ശ്രമിച്ചു. പാര്‍ട്ടിക്കുള്ളില്‍ നന്മയുടെയും തിന്മയുടെയും രണ്ട് പക്ഷമുണ്ടെന്ന് പ്രചരിപ്പിച്ചു. ഒരുപക്ഷം മുതലാളിത്തവുമായി ചങ്ങാത്തത്തിലാണെന്ന് ഇവര്‍ വരുത്തിതീര്‍ത്തു തുടങ്ങിയവയാണ് ഇവര്‍ക്കെതിരെയുള്ള നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഇന്ന് രാവിലെയാണ് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ആരംഭിച്ചത്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയും, ചന്ദ്രശേഖരന്‍ വധത്തിനുശേഷം പാര്‍ട്ടിയില്‍ ഉടലെടുത്ത പ്രശ്‌നങ്ങളുമാണ് യോഗത്തില്‍ പ്രധാന ചര്‍ച്ച വിഷയം.

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗീകരിച്ച സംഘടനാരേഖ സംസ്ഥാനസമിതിയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ചോര്‍ന്നത് അന്വേഷിച്ച പാര്‍ട്ടിതല കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വി.എസിന്റെ സഹായികള്‍ക്കെതിരെ നടപടിയെടുക്കുന്നത്. സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗങ്ങളായ വൈക്കം വിശ്വന്‍, കേന്ദ്ര കമ്മിറ്റിയംഗം എ.വിജയരാഘവന്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മീഷനാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ ഇവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തുകയും  ഇവര്‍ക്കെതിരെ അച്ചടക്കനടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു.  ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതിരിക്കുന്നതിന് കാരണമുണ്ടെങ്കില്‍ വിശദീകരിക്കാന്‍ സെക്രട്ടറിയേറ്റ്‌ കെ.ബാലകൃഷ്ണനോടും വി.കെ.ശശിധരനോടും എ.സുരേഷിനോടും ആവശ്യപ്പെട്ടിരുന്നു.