കോഴിക്കോട്: സി.പി.ഐ.എമ്മിലെ ബ്രാഞ്ച് സെക്രട്ടറിമാര്‍ മുതല്‍ ജനറല്‍ സെക്രട്ടറിമാര്‍ വരെയുള്ളവരുടെ കാലാവധി മൂന്ന് തവണയാക്കി നിജപ്പെടുത്തിക്കൊണ്ട് പാര്‍ട്ടി കോണ്‍ഗ്രസില്‍ ചരിത്ര തീരുമാനം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച ഭേദഗതിയില്‍ വോട്ടെടുപ്പ് നടന്നു. നാല് അംഗങ്ങള്‍ ഭേദഗതിക്കെതിരെ വോട്ടു ചെയ്തപ്പോള്‍ രണ്ടു പേര്‍ വിട്ടുനിന്നു. ചില പ്രത്യേക ഘട്ടങ്ങളില്‍ സെക്രട്ടറിമാര്‍ക്ക് ഒരു തവണ കൂടി അവസരം നല്‍കാമെന്നും ഭേദഗതിയില്‍ പറയുന്നു. എന്നാല്‍ അതിന് കമ്മിറ്റിയില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷം വേണം. നാലാം തവണ ഒരിക്കലും അവസരം നല്‍കരുതെന്ന നിര്‍ദേശം തള്ളുകയായിരുന്നു.

Subscribe Us:

സി.പി.ഐ.എമ്മില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്ന തരത്തില്‍ ചരിത്രപ്രാധാന്യമുള്ള തീരുമാനമാണ് കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചത്. നേരത്തെ ദല്‍ഹി പാര്‍ട്ടി കോണ്‍ഗ്രസില്‍ അനൗദ്യോഗിക ഭേദഗതിയായി കാലപരിധി നിര്‍ദേശം മുന്നോട്ടുവെക്കപ്പെട്ടിരുന്നുവെങ്കിലും അത് തള്ളുകയായിരുന്നു. എന്നാല്‍ ഈ നിര്‍ദേശമാണ് ഔദ്യോഗിക ഭേദഗതിയായി പ്രകാശ് കാരാട്ട് തന്നെ അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തിരിക്കുന്നത്. പാര്‍ട്ടിയില്‍ ബ്രാഞ്ച് തലം മുതല്‍ വര്‍ഷങ്ങളായി സെക്രട്ടറി സ്ഥാനത്ത് തുടരുന്നവരുണ്ട്. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മൂന്ന് ടേം പൂര്‍ത്തിയാക്കിയ ശേഷമാണ് വീണ്ടും സെക്രട്ടറിയായി തുടരുന്നത്.

അതേസമയം വിരമിക്കല്‍ പ്രായം നിശ്ചയിക്കണമെന്ന ഭേദഗതി പാര്‍ട്ടി കോണ്‍ഗ്രസ് തള്ളി. പാര്‍ട്ടി പി.ബി യോഗം രാത്രി വൈകി കോഴിക്കോട്ട് തുടങ്ങി. പാര്‍ട്ടി കോണ്‍  കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പാനല്‍ നിശ്ചയിക്കാനാണ് പി.ബി യോഗം. കേന്ദ്ര കമ്മിറ്റി യോഗം നാളെ രാവിലെ ചേരും. ശേഷം എസ്. രാമചന്ദ്രന്‍പിള്ള രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടില്‍ മറുപടി പറയും. ശേഷം പുതിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുകയും അവര്‍ ചേര്‍ന്ന് പി.ബി അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്യും.

വി.എസ് അച്ച്യുതാനന്ദന്റെ പി.ബി പുനപ്രവേശം എല്ലാവരും ഉറ്റുനോക്കുകയാണ്. വി.എസിനെ പി.ബിയില്‍ ഉള്‍പ്പെടുത്തണമെന്ന് ബൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍ തുടങ്ങിയ അംഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.

Malayalam News

Kerala News in English