എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം കൊയിലാണ്ടി മുന്‍ ഏരിയാ സെക്രട്ടറിയെ തരംതാഴ്ത്തിയേക്കും
എഡിറ്റര്‍
Saturday 10th November 2012 12:36pm

കോഴിക്കോട്: സി.പി.ഐ.എം കൊയിലാണ്ടി മുന്‍ ഏരിയാ സെക്രട്ടറി എന്‍.വി ബാലകൃഷ്ണനെ ലോക്കല്‍ കമ്മറ്റിയിലേക്ക് തരം താഴ്ത്തിയേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് ഈ മാസം പത്തൊമ്പതിന് ചേരുന്ന ഏരിയാകമ്മറ്റി യോഗം തീരുമാനമെടുക്കും. നിലവില്‍ ഏരിയാ കമ്മറ്റി അംഗമാണ് ബാലകൃഷ്ണന്‍. ബാലകൃഷ്ണന്‍ ഏരിയാകമ്മറ്റി സെക്രട്ടറിയായിരുന്ന കാലത്ത് എട്ട് ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടത്തിയതായാണ് ആരോപണം.

Ads By Google

ഇത് സംബന്ധിച്ച് കഴിഞ്ഞ ഏരിയാകമ്മറ്റി യോഗമാണ് തീരുമാനമെടുക്കാനായി പത്തൊമ്പതിലേക്ക് മാറ്റിയത്. ബാലകൃഷ്ണന് വിശദികരണം നല്‍കാന്‍ സമയം നല്‍കിയിട്ടുണ്ട്. നേരത്തെ ടി.പി.ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചതും പാര്‍ട്ടി അനുമതിയില്ലാതെ മേപ്പയ്യൂരില്‍ ചന്ദ്രശേഖരന്‍ അനുകൂലികളുടെ യോഗത്തില്‍ കുറിപ്പ് കൊടുത്തയച്ചതും പാര്‍ട്ടി ഗൗരവമായി എടുത്തിട്ടില്ലെന്നുമാണ് പറയപ്പെടുന്നത്.

എന്നാല്‍ ഇതാണ് ബാലകൃഷ്ണനെതിരെ  നടപടിയിലെക്കെത്തിച്ചതെന്നാണ് ഒരു വിഭാഗം പറയുന്നത്. ഏത് നടപടിയെയും നേരിടാനുളള  നീക്കത്തിലാണ് ബാലകൃഷ്ണന്‍. പുതിയ തസ്തിക സൃഷ്ടിച്ച് യുവജന സംഘടനാ നേതാവിന് സഹകരണ ആശുപത്രിയില്‍ നിയമനം നല്‍കുന്നതിനെച്ചൊല്ലി കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി യോഗത്തില്‍ വാക്കേറ്റമുണ്ടായിരുന്നു. തീരുമാനത്തോട് എന്‍.വി. ബാലകൃഷ്ണന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

ഒടുവില്‍ കെ. ദാസന്‍ എം.എല്‍.എ ഇടപെട്ട് അജണ്ട മറ്റൊരു ദിവസത്തേക്ക് മാറ്റിവെപ്പിച്ചതോടെയാണ് ബഹളം ശമിച്ചത്. സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. വിശ്വന്‍ മാസ്റ്റര്‍ പ്രസിഡന്റും എന്‍.വി. ബാലകൃഷ്ണന്‍ വൈസ് പ്രസിഡന്റുമായ കൊയിലാണ്ടി സഹകരണ ആശുപത്രിയില്‍ പി.ആര്‍.ഒ ആയി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സി.പി.ഐ.എം ഏരിയാ കമ്മിറ്റി അംഗവുമായ സി. അശ്വനി ദേവിനെ നിയമിക്കാന്‍ നേരത്തേ സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.

എന്നാല്‍, തന്റെ അസാന്നിധ്യത്തില്‍ ഇത്തരമൊരു തീരുമാനമെടുത്തതിനെ ചോദ്യംചെയ്ത് എന്‍.വി. ബാലകൃഷ്ണന്‍ രംഗത്തുവന്നു. ഇപ്പോള്‍ത്തന്നെ ആശുപത്രിയുടെ സാമ്പത്തിക നില ഭദ്രമല്ലെന്നിരിക്കെ പി.ആര്‍.ഒ തസ്തിക സൃഷ്ടിക്കുന്നത് ശരിയല്ലെന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന്. മാത്രവുമല്ല, തൊഴില്‍ നല്‍കുന്നതിന് ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരെയാണ് ആദ്യം പരിഗണിക്കേണ്ടതെന്നും ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

അശ്വനി ദേവിനെ നിയമിക്കാനുള്ള നിര്‍ദേശം ആശുപത്രി ഭരണ സമിതിയില്‍ പരിഗണനക്ക് വന്നാല്‍ താന്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നുവത്രെ. അദ്ദേഹത്തിനെതിരെ വന്ന  നടപടിയെ ഈ സംഭവത്തിന്റെ ബാക്കിപത്രമായി വായിക്കാവുന്നതാണ്.

Advertisement