ചെന്നൈ: തമിഴ്‌നാട്ടില്‍ ശ്രീലങ്കാ വിരുദ്ധ വികാരം ശക്തമാകുന്നതിനിടെ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജ്പക്‌സെയുടെ ഇന്ത്യാ സന്ദര്‍ശനം വിവാദമാകുന്നു. രാജ്പക്‌സെയുടെ സന്ദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തെത്തി.

Ads By Google

സെപ്റ്റംബര്‍ 21നാണ് രാജ്പക്‌സെ ഇന്ത്യ സന്ദര്‍ശിക്കുന്നത്. മധ്യപ്രദേശിലെ സാഞ്ചിയില്‍ ബുദ്ധമത കേന്ദ്രത്തിന്റെ തറക്കില്ലിടല്‍ ചടങ്ങിന് ബി.ജെ.പി നേതാവ് സുഷമ സ്വരാജിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ്  രാജ്പക്‌സെ ഇന്ത്യ സന്ദര്‍ശിക്കുന്നത്.

യുദ്ധത്തിനുശേഷം കുടിയൊഴിപ്പിക്കപ്പെട്ട ലങ്കയിലെ തമിഴരെ പുനരധിവസിപ്പിക്കാന്‍ അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കുറ്റപ്പെടുത്തി. ഡി.എം.കെ പ്രസിഡന്റ് കെ. കരുണാനിധിയും രാജ്പക്‌സെയുടെ സന്ദര്‍ശനത്തെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. ശ്രീലങ്കന്‍ പ്രശ്‌നം ഉന്നയിച്ച് പാര്‍ലമെന്റില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡി.എം.കെ അറിയിച്ചു.

സെപ്റ്റംബര്‍ 21ന് സാഞ്ചിയില്‍ രാജ്പക്‌സെയ്ക്കുനേരെ കരിങ്കൊടി കാട്ടുമെന്ന് എം.ഡി.എം.കെ ജനറല്‍ സെക്രട്ടറി വൈക്കോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

‘രാജ്പക്‌സെയെ ഈ ചടങ്ങിന് ക്ഷണിച്ചത് വിരോധാഭാസമാണ്. ബുദ്ധന്‍ സമാധാനവും സഹകരണവും വേണമെന്ന് വാദിച്ചിട്ടില്ല, അത് നടപ്പിലാക്കുകയാണ് ചെയ്തത്. ‘ കൊളംബോയ്‌ക്കെതിരായ യുദ്ധക്കുറ്റ ആരോപണങ്ങളെയും ലങ്കയില്‍ തമിഴര്‍ നേരിടുന്ന അതിക്രമങ്ങളെയും ചൂണ്ടിക്കാട്ടി വൈക്കോ പറഞ്ഞു.

‘ പരുക്കേറ്റ തമിഴരുടെ വേദന വര്‍ധിപ്പിക്കുന്നതാണ് സുഷമ സ്വരാജിന്റെ പ്രഖ്യാപനം. ലങ്കന്‍ തമിഴരുടെ കാര്യത്തില്‍ സത്യസന്ധമായ ആശങ്ക രേഖപ്പെടുത്തുന്ന ബി.ജെ.പി പ്രസിഡന്റ് നിതിന്‍ ഗഡ്കരിയും യശ്വന്ത് സിന്‍ഹയെപ്പോലുള്ള നേതാക്കളും രാജ്പക്‌സെയുടെ സന്ദര്‍ശനം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണം. ഇതിന് തയ്യാറായില്ലെങ്കില്‍ ഞാന്‍ സെപ്റ്റംബര്‍ 21ന് റാഞ്ചിയില്‍ കരിങ്കൊടി പ്രകടനം നടത്തും’ വൈക്കോ മുന്നറിയിപ്പ് നല്‍കി.

മുന്‍ പ്രധാനമന്ത്രിയായിരുന്ന ബി.ജെ.പി നേതാവ് എ.ബി വാജ്‌പേയ് ലങ്കന്‍ തമിഴരോട് അനുകമ്പ കാണിച്ചിരുന്നു. എന്നാല്‍ സുഷമ സ്വരാജും മധ്യപ്രദേശ് സര്‍ക്കാരും തമിഴരുടെ താത്പര്യത്തിന് എതിരായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

വി.സി.കെ നേതാവ് തോല്‍ തിരുവാലനും രാജ്പക്‌സെയുടെ ക്ഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. തമിഴരെ അപമാനിക്കുന്ന ആംഗ്യമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശ്രീലങ്കന്‍ തീര്‍ത്ഥാടകര്‍ തമിഴ്‌നാട്ടില്‍ അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാര്‍ക്ക് ശ്രീലങ്കന്‍ സര്‍ക്കാര്‍ കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

വിനോദസഞ്ചാരം, തീര്‍ത്ഥാടനം, സ്‌പോര്‍ട്‌സ് തുടങ്ങിയ പരിപാടികളുമായി ബന്ധപ്പെട്ട് സന്ദര്‍ശനം നടത്താനാഗ്രഹിക്കുന്ന പൗരന്മാര്‍ മറ്റൊരു മുന്നറിയിപ്പ് ഉണ്ടാകുന്നത് വരെ തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യരുതെന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ വിലക്കിയത്.

ശ്രീലങ്കയില്‍ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഊട്ടിയില്‍ പരിശീലനം നല്‍കുന്നതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കഴിഞ്ഞദിവസം കേന്ദ്രത്തെ സമീപിച്ചിരുന്നു. കൂടാതെ തഞ്ചാവൂരില്‍ കഴിഞ്ഞദിവസം ഒരു ക്രിസ്റ്റ്യന്‍ പള്ളി സന്ദര്‍ശിക്കാനെത്തിയ ശ്രീലങ്കന്‍ തീര്‍ത്ഥാടകരെ ഒരു കൂട്ടം ആളുകള്‍ തടഞ്ഞുവെക്കുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് തീര്‍ത്ഥാടക സംഘം യാത്ര റദ്ദാക്കി ലങ്കയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

ചെന്നൈയില്‍ പരിശീലനം നടത്തുന്ന ശ്രീലങ്കന്‍ ഫുട്‌ബോള്‍ ടീമിലെ രണ്ട് പേരോട് മടങ്ങിപ്പോകാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നേരത്തെ ആവശ്യപ്പെട്ടിരുന്നു.