എഡിറ്റര്‍
എഡിറ്റര്‍
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അടുത്ത സാമ്പത്തിക വര്‍ഷം: മുഖ്യമന്ത്രി
എഡിറ്റര്‍
Thursday 9th August 2012 3:45pm

തിരുവനന്തപുരം: സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഉത്തരവ് ധനകാര്യ വകുപ്പ് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടെന്നും 2013 ഏപ്രില്‍ മുതല്‍ സര്‍വ്വീസില്‍ കയറുന്ന ജീവനക്കാര്‍ക്കായിരിക്കും പദ്ധതി ബാധകമാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് അവരുടെ ശമ്പളത്തിന്റെ ഒരു നിശ്ചിത ശതമാനം പെന്‍ഷനായി മാറ്റിവയ്ക്കുന്നതാണ് പങ്കാളിത്ത പെന്‍ഷന്‍ പരിപാടി.

അധിക തസ്തിക കണ്ടെത്താന്‍ ചീഫ് സെക്രട്ടറിയെ നിയോഗിച്ചിട്ടുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നതിനോടൊപ്പം പെന്‍ഷന്‍ പ്രായപരിധി ഉയര്‍ത്തുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തേണ്ടതുണ്ട്. അതിനായി പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാതെ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ സര്‍വ്വീസ് സംഘടനകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ നിലവിലെ ജീവനക്കാരെ ബാധിക്കാത്ത തരത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.

നിലവിലെ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ രീതി സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കുന്നതായി ധനമന്ത്രി കെ.എം. മാണി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നടപടി.

അതേസമയം കനത്തമഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷംരൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു.  ഭൂമിനഷ്ടപ്പെട്ടവര്‍ക്ക് പകരം ഭൂമി നല്‍കും. പരമാവധി ഒരേക്കര്‍ ഭൂമി വരെയാണ് അനുവദിക്കുകയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരളം നേരിടുന്ന വരള്‍ച്ചയെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെ ധരിപ്പിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി നെല്ലിയാമ്പതി വിഷയത്തില്‍ ആരും വിഷമിക്കേണ്ടെന്നും സംസ്ഥാനത്തിന്റെ പൊതുവായ താത്പര്യം മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

നെല്ലിയാമ്പതി വിവാദമായതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയും ചെയ്തു.

Advertisement