Administrator
Administrator
അച്ഛനെന്ന റോളില്‍ ഞാന്‍ സന്തുഷ്ടന്‍: പാര്‍ത്ഥിപന്‍
Administrator
Sunday 24th July 2011 3:19pm

ഇടവേളയ്ക്കുശേഷം പാര്‍ത്ഥിപന്‍ തിരിച്ചുവരികയാണ്. അദ്ദേഹംതന്നെ സംവിധാനം നിര്‍വഹിക്കുന്ന വിതഗന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ രംഗപ്രവേശം. മലയാളിയായ പൂര്‍ണ്ണം നായികാവേഷത്തിലെത്തുന്ന ചിത്രത്തില്‍ പാര്‍ത്ഥിപന്‍ തന്നെയാണ് പ്രധാനവേഷത്തിലെത്തുന്നത്.

ഇതിനിടെ അദ്ദേഹം അഭിനയിച്ച പല ചിത്രങ്ങളും ബോക്‌സ് ഓഫീസ് വിജയംപോലും കൈവരിച്ചില്ല. അടുത്തിടെ പുറത്തിറങ്ങിയ കുടൈക്കുള്‍ മഴൈ, പച്ചൈക്കുതിരൈ തുടങ്ങിയ ചിത്രങ്ങള്‍ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. പരീക്ഷണങ്ങള്‍ക്കിടയിലാണ് വിതഗന്‍ എന്ന പുതിയ പരീക്ഷണവുമായി അദ്ദേഹമെത്തുന്നത്. നീണ്ട ഇടവേളയ്ക്കുശേഷം പാര്‍ത്ഥിപന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും വിതഗനുണ്ട്. ആഗസ്ത് അവസാനത്തില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജയപരാജയങ്ങള്‍ ഇന്‍ഡസ്ട്രിയില്‍ സാധാരണമാണെന്ന് പാര്‍ത്ഥിപന്‍ പറയുന്നു. ഒരു പുതിയ സിനിമയെടുക്കുമ്പോള്‍ ജയമോ തോല്‍വിയോ എന്ന കാര്യത്തില്‍ ശങ്കിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. തീര്‍ത്തും കൊമേഴ്‌സ്യലായിട്ടുള്ള ചിത്രമാണിത്. എന്നാല്‍ ഒരു സംഘം ആളുകളെ ഞാന്‍ അടിച്ചുവീഴ്ത്തുന്ന രംഗങ്ങളൊന്നും നിങ്ങള്‍ക്കീ ചിത്രത്തില്‍ കാണാനാകില്ല. ശക്തിയേക്കാള്‍ കൂടുതല്‍ ബുദ്ധിയ്ക്കാണ് ഈ ചിത്രത്തില്‍ പ്രാധാന്യം-പാര്‍ത്ഥിപന്‍ പറയുന്നു.

1989 ല്‍ പുതിയ പാതൈ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് പാര്‍ത്ഥിപന്‍ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. ആ വര്‍ഷത്തെ ദേശീയ അവാര്‍ഡിലേക്ക് പാത സൃഷ്ടിക്കാന്‍ ആ ചിത്രത്തിന് സാധിച്ചു.

മറ്റു സംവിധായകരുടെ കീഴില്‍ അഭിനയിക്കുന്നത് വളരെയധികം ടെന്‍ഷനുണ്ടാക്കുന്ന കാര്യമാണ്. അഭിനയം എന്നും എന്റെയുള്ളിലുണ്ടായിരുന്നു. എന്റെ ആദ്യത്തെ നിര്‍മ്മാതാവാണ് എന്നിലെ നടനെ തിരിച്ചറിഞ്ഞത്. പിന്നീട് എന്റെ സിനിമകള്‍ക്ക് വേണ്ടി പല നടന്‍മാരെയും ഞാന്‍ സമീപിച്ചിരുന്നു. എന്നാല്‍ അവരേക്കാളുപരി ആ വേഷങ്ങള്‍ ചെയ്യാന്‍ ഞാന്‍ തന്നെയാണ് അനുയോജ്യന്‍ എന്ന തിരിച്ചറിവാണ് അഭിനയത്തിലേക്ക് എന്നെ കൊണ്ടെത്തിച്ചത്.
പുതിയ പാതൈ എന്ന ചിത്രത്തിന്റെ റീമേക്കും അഴഗി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാംഭാഗവും പാര്‍ത്ഥിപന്റെ ആലോചനയിലുണ്ട്. നന്ദിതാ ദാസിന്റെ ഡേറ്റിനായി കാത്തിരിക്കുകയാണ് അദ്ദേഹം.

മലയാളത്തില്‍ മേല്‍വിലാസം എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയോടൊപ്പം അഭിനയിക്കുകയാണ് അദ്ദേഹമിപ്പോള്‍. തമിഴ്‌നടന്‍ തലൈവാസല്‍ വിജയും ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. വിതഗന്റെ റിലീസിനുശേഷം ഉള്‍വിലാസം എന്ന പേരില്‍ ചിത്രം തമിഴിലേക്ക് മൊഴിമാറ്റം ചെയ്യുമെന്നും പാര്‍ത്ഥിപന്‍ വ്യക്തമാക്കി.

പരാജയങ്ങള്‍ എന്നെ ഒരിക്കലും ബാധിക്കില്ല. പക്ഷേ എന്നില്‍ പ്രതീക്ഷയര്‍പ്പിച്ചവരുടെ വിശ്വാസം കാത്തുസൂക്ഷിക്കേണ്ടത് എന്റെ കടമയാണ്. അതിനാല്‍ ഇനിയും ഒട്ടേറെ ദൂരം ഇരട്ടിവേഗത്തില്‍ എനിക്ക് യാത്ര ചെയ്യേണ്ടതുണ്ട്-പാര്‍ത്ഥിപന്‍ പറയുന്നു.

താന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന റോള്‍ മക്കളുടെ അച്ഛനെന്നതാണെന്ന് പാര്‍ത്ഥിപന്‍ പറഞ്ഞു. സ്വകാര്യ ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ എനിക്ക നേരിടേണ്ടി വന്നു. വലിയ വീട്ടില്‍നിന്നും ഫഌറ്റിലേക്ക് താമസം മാറേണ്ടിവന്നു. ആവശ്യങ്ങള്‍ കുറച്ചു. എങ്കിലും ഞാന്‍ സന്തോഷവാനാണ്. പ്രതിസന്ധിഘട്ടത്തില്‍ എന്റ് മക്കളായിരുന്നു എനിക്ക് തുണ-എന്തും വെട്ടിത്തുറന്നു പറയുന്ന പാര്‍ത്ഥിപന്‍ എന്ന വ്യക്തിയുടേതാണി വാക്കുകള്‍.
അന്യഭാഷകളില്‍നിന്നും സിനിമ കടമെടുക്കുന്നതിനോട് ഒരു സംവിധായകനെന്ന നിലയില്‍ എനിക്ക് യോജിപ്പില്ല. പക്ഷേ അത്തരം സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ ഒരു നടനെന്ന നിലയില്‍ തീര്‍ച്ചയായും താനതു ചെയ്യുമെന്ന് പാര്‍ത്ഥിപന്‍ വ്യക്തമാക്കി.

Advertisement