Categories

Headlines

സഭയ്ക്കുള്ളില്‍ തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം; പുറത്ത് രമേശ് ചെന്നിത്തലയുടെയും: ബജറ്റിന്റെ കോപ്പിയുമായി രമേശ് ചെന്നിത്തലയുടെ സമാന്തര ബജറ്റ്

തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്ന് സഭ ബഹിഷ്‌ക്കരിച്ച് ഇറങ്ങിയ പ്രതിപക്ഷം പുറത്ത് സമാന്തര ബജറ്റ് അവതരണം നടത്തുന്നു. നിയമസഭയിലെ മീഡിയാ റൂമില്‍ ഇരുന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ബജറ്റ് അവതരിപ്പിക്കുന്നത്.

ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച് രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ബജറ്റ് ചോര്‍ന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. ബജറ്റിന്റെ വിശ്വാസ്യത ചോര്‍ന്നെന്നും ബജറ്റിന്റെ പവിത്രത നഷ്ടമായെന്നും ചെന്നിത്തല പറഞ്ഞു.

വരവ് ചെലവ് കണക്ക് മാത്രമാണ് മാധ്യങ്ങള്‍ക്ക് മുന്‍പില്‍ അജണ്ടയായി വെക്കാറുള്ളത്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കുറ്റകൃത്യമാണ് ധനമന്ത്രി ചെയ്തത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു കാര്യം സംഭവിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

ബജറ്റ് പ്രസംഗം നടത്തിക്കൊണ്ടിരിക്കെ ബജറ്റിന്റെ കോപ്പി ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.

‘സാധാരണയായി ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിനുശേഷമാണ് മാധ്യമങ്ങള്‍ക്കും എം.എല്‍.എമാര്‍ക്കും ഈ കോപ്പി കിട്ടാറുള്ളത്. എന്നാല്‍ ധനമന്ത്രിയുടെ പ്രസംഗം സോഷ്യല്‍ മീഡിയകളിലൂടെ ലഭിച്ചിരിക്കുകയാണ്. ധനമന്ത്രി ഇനി വായിക്കാന്‍ പോകുന്നത് താന്‍ വായിക്കാം’ എന്നും കോപ്പി ഉയര്‍ത്തിക്കാട്ടി ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും പരിശോധിച്ചശേഷം ചര്‍ച്ച ചെയ്യാമെന്നും സ്പീക്കര്‍ അറിയിച്ചു.

ബജറ്റ് ചോര്‍ത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണം സംബന്ധിച്ച് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ചില പ്രധാന ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയിട്ടുണ്ടെന്നും അതാണ് പ്രചരിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

എന്നാല്‍ മുഖ്യമന്ത്രി പറയുന്നതുപോലെയല്ല കാര്യമെന്നും ഇത് ഗുരുതരമായ പ്രശ്നമാണെന്നും ബജറ്റ് പൂര്‍ണമായി താന്‍ ഇവിടെ വായിച്ചുനല്‍കാന്‍ തയ്യാറാണെന്നും രമേശ് ചെന്നിത്തല വെല്ലുവിളിക്കുകയും ചെയ്തു.