ന്യൂദല്‍ഹി: വോട്ടിനു കോഴ വിവാദം സംബന്ധിച്ച അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം ആവര്‍ത്തിക്കുമ്പോഴും ആസൂത്രണത്തിലെ കണ്ണികള്‍ ഇനിയും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. അന്വേഷണത്തിന്റെ 30 മാസങ്ങള്‍ പിന്നിട്ടിട്ടും ദല്‍ഹി പോലീസിന് വിവാദവുമായി ബന്ധപ്പെട്ട ഒരൊറ്റ ബി.ജെ.പി.എം പിമാരെയും ചോദ്യം ചെയ്യാനാവാത്തത് ദല്‍ഹിയെ ചൂടുപിടിപ്പിക്കുകയാണ്.

യു.എസുമായുള്ള ആണവകരാറില്‍ വിശ്വാസവോട്ട് നേടുന്നതിനായി മന്‍മോഹന്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് മൂന്നുകോടിയോളം രൂപ വാഗ്ദാനം നല്‍കിയെന്ന് പറഞ്ഞ എം.എല്‍.എമാര്‍ തുടന്ന് സഭാ തളത്തിലേക്ക് നോട്ടുകെട്ടുകളുമായി വരികയുമായിരുന്നു. ഏറെ വിവാദമുണ്ടാക്കിയ കോഴ വിവാദം ഇരു സഭകളെയും പ്രക്ഷുബ്ദമാക്കിയിരുന്നു. കോണ്‍ഗ്രസ്സ് എം.പി കെ സി ദിയൊ അധ്യക്ഷനായ ലോക്‌സഭാ സമിതി ബി.ജെ.പിയുടെ ആരോപണങ്ങള്‍ പരിശോധിക്കുകയും കഴമ്പില്ലന്നു കണ്ടെത്തുകയുമായിരുന്നു.

അന്വേഷണ ഏജന്‍സികള്‍ തന്നെ ഇതുവരെ സമീപിച്ചിട്ടില്ലന്നും പുനരന്വേഷണത്തെ തെല്ലും ഭയക്കുന്നില്ലെന്നും ഒരു സ്വകാര്യ ടെലിവിഷന്‍ അഭിമുഖത്തില്‍ ആരോപണത്തിലുള്‍പ്പെട്ടെ ബി.ജെ.പി എം പി അശോക് അര്‍ഗല്‍ പറഞ്ഞു.ആണവ വിഷയത്തില്‍ മന്‍മോഹന്‍ സര്‍ക്കാരിനെ താങ്ങിനിര്‍ത്താന്‍ മൂന്നുപേര്‍ നോട്ടുകെട്ടുകളുമായി പാര്‍ട്ടി നേതാവ് അശോക് അര്‍ഗലിനെ സമീപിച്ചെന്നും ഗൂഢാലോചന മനസ്സിലാക്കിയപ്പോള്‍ നേത്രത്വത്തെ അറിയിക്കുകയുമായിരുന്നുവെന്നും സംഭവത്തിലുള്‍പ്പെട്ട മുന്‍ ബി ജെ പി എം പി മഹാവീര്‍ ബഗോറ പറഞ്ഞു.

വാഗ്ദാനവുമായി ആദ്യം എത്തിയത് സമാജ് വാദി പാര്‍ട്ടിയിലെ എം.പിയാണെന്നും ബഗോറ കൂട്ടിച്ചേര്‍ത്തു. വോട്ടിനു കോഴയോടൊപ്പം സംഭവം പുറത്തുവിട്ട ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനും അന്വേഷണ പരിധിയില്‍വരുമെന്ന് ആഭ്യന്തര മന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു. 2008ലാണ് പാര്‍ലമെന്റിനെ നടുക്കിയ വോട്ടിനു കോഴ വിവാദം അരങ്ങേറിയത്.