ന്യൂദല്‍ഹി: അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് പാര്‍ലമെന്റ് തീരുമാനക്കട്ടെയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം കുടുംബത്തിനു വിട്ടുകൊടുക്കാന്‍ സാധ്യതയില്ലെന്ന വാര്‍ത്തകള്‍ ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് പുറത്ത് വന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്.

Ads By Google

അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹത്തിന്റെ കാര്യത്തില്‍ വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അംഗങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയ രീതിയില്‍ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി അനിഷ്ടം വ്യക്തമാക്കിയത്.

അഫ്‌സല്‍ ഗുരുവിന്റെ കുടുംബത്തെ വധശിക്ഷ നടപ്പാക്കുന്ന വിവരം അറിയിക്കാത്തതിലുള്ള പ്രതിഷേധമാണ് മന്‍മോഹന്‍ സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍ ആഭ്യന്തര മന്ത്രാലയം മൃദദേഹം വിട്ടുകൊടുക്കുന്ന കാര്യത്തില്‍ വ്യത്യസ്ത നിലപാടാണുള്ളത്.

മൃതദേഹം വിട്ടുകൊടുത്താല്‍ ജമ്മുകശ്മീരില്‍ ക്രമസമാധാനം തകരുന്ന സാഹചര്യമുണ്ടാക്കുമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട്. ഇത് മുന്നില്‍ കണ്ട് ജയില്‍ നിയമമനുസരിച്ച് മൃതദേഹം തിഹാര്‍ ജയിലില്‍ സംസ്‌കരിക്കുകയായിരുന്നു.

മൃതദേഹം വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടില്‍ തന്നെയാണ് ആഭ്യന്തരമന്ത്രാലയമുള്ളത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉടന്‍ തീരുമാനമെടുത്ത് ഇക്കാര്യം ജമ്മുകശ്മീര്‍ സര്‍ക്കാരിനെ അറിയിക്കുമെന്നാണ് അറിയുന്നത്.

അഫ്‌സല്‍ ഗുരുവിന്റെ ഭാര്യ തബാസമാണ് മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. മൃതദേഹം വിട്ടുതരുന്നതില്‍ കുറഞ്ഞ് ഒന്നും സ്വീകാര്യമല്ലെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

തിഹാര്‍ ജയിലില്‍ മൃതദേഹം മറവു ചെയ്ത സ്ഥലം സന്ദര്‍ശിക്കുവാനും പ്രാര്‍ത്ഥന നടത്തുവാനുള്ള അനുവാദം നല്‍കാമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം ബന്ധുക്കള്‍ തള്ളുകയായിരുന്നു. മൃതദേഹം വിട്ടുനല്‍കണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ജമ്മുകശ്മീരിലെ പ്രതിപക്ഷ കക്ഷിയായ പി.ഡി.പിയും ആവശ്യപ്പെട്ടിട്ടുണ്ട്.