എഡിറ്റര്‍
എഡിറ്റര്‍
വിദേശനിക്ഷേപം: പാര്‍ലമെന്റില്‍ വോട്ടെടുപ്പിന് തയാറെന്ന് യു.പി.എ
എഡിറ്റര്‍
Tuesday 27th November 2012 3:47pm

ന്യൂദല്‍ഹി: ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപ വിഷയത്തില്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പോടുകൂടിയ ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

നാലു ദിവസമായി വിഷയത്തില്‍ പാര്‍ലമെന്റ് തുടര്‍ച്ചയായി സ്തംഭിക്കുന്ന സാഹചര്യത്തിലാണ് വിട്ടുവീഴ്ചയ്ക്ക് യു.പി.എ തയാറായത്.

Ads By Google

വിഷയത്തിലെ അനിശ്ചിതത്വം പരിഹരിക്കാന്‍ ഇന്നലെ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലും കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് യു.പി.എ കോര്‍ഡിനേഷന്‍ കമ്മറ്റി യോഗം ചേര്‍ന്നത്. പാര്‍ലമെന്റ് ലൈബ്രറി ബില്‍ഡിംഗില്‍ ഉച്ചയ്ക്ക് 12.30 നായിരുന്നു യോഗം ആരംഭിച്ചത്.

ഡി.എം.കെയും സര്‍ക്കാരിനൊപ്പം നില്‍ക്കും. മറിച്ചുള്ള പ്രചാരണം തെറ്റാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥ് പറഞ്ഞു. വോട്ടെടുപ്പ് ഇല്ലാത്ത പ്രമേയം മതി ലോക്‌സഭയില്‍ ചര്‍ച്ചയ്ക്ക് എന്നാണ് യു.പി.എയുടെ അഭിപ്രായം. എന്നാല്‍ വോട്ടെടുപ്പ് അനിവാര്യമെങ്കില്‍ യു.പി.എ തയ്യാറാണ്.

തീരുമാനം സ്പീക്കര്‍ക്കു വിടുകയാണെന്നും കമല്‍നാഥ് അറിയിച്ചു. വോട്ടെടുപ്പിനെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയില്ലെന്നും ചട്ടമനുസരിച്ച് പാര്‍ലമെന്റില്‍ ഏത് തരത്തിലുള്ള ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ ഏത് തരത്തിലുള്ള ചര്‍ച്ചയാണ് പാര്‍ലമെന്റില്‍ നടത്തേണ്ടതെന്ന തീരുമാനം സ്പീക്കര്‍ക്ക് വിടുകയാണെന്നും മന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, യു.പി.എ അധ്യക്ഷ സോണിയാഗാന്ധി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി, പ്രതിരോധമന്ത്രി എ.കെ ആന്റണി,

ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, കമല്‍നാഥ്, സോണിയയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. പാര്‍ലമെന്റില്‍ വോട്ടെടുപ്പുണ്ടായാല്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് ഡി.എം.കെ രാവിലെ വ്യക്തമാക്കിയിരുന്നു.

അതേസമയം, വോട്ടെടുപ്പ് നടന്നാല്‍ വിജയിക്കുമെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് വ്യക്തമാക്കി.

Advertisement