ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച നടക്കും. ചട്ടം 193 പ്രകാരമുള്ള ചര്‍ച്ചയാണ് ഇന്ന് നടക്കുകയെന്ന് പാര്‍ലമെന്ററികാര്യമന്ത്രി പവന്‍കുമാര്‍ ബെന്‍സല്‍ അറിയിച്ചു.

ബില്ലില്‍ പ്രമേയമില്ലാതെ ചര്‍ച്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. രാവിലെ 11 മണിക്ക് ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ പ്രസ്താവനയോടെ ചര്‍ച്ച ആരംഭിക്കും. ചട്ടം 193 പ്രകാരം രണ്ടു മണിക്കൂറാണ് ചര്‍ച്ച നടത്താറുള്ളത്. എന്നാല്‍ ഈ വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ദിവസം മുഴുവന്‍ ചര്‍ച്ച നടത്താന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്.

ഏതെങ്കിലും ഒരു പ്രത്യേകബില്ലില്‍ ഊന്നിയാവില്ല ചര്‍ച്ച. ജന്‍ലോക്പാല്‍ ബില്‍ ഉള്‍പ്പെടെ സഭയുടെ പരിഗണയ്ക്കു വന്നിട്ടുള്ള മൂന്ന് ബില്ലുകളും ചര്‍ച്ച ചെയ്ത് പുതിയൊരു ബില്‍ രൂപീകരിക്കാനാണ് നീക്കം. കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി പറഞ്ഞതുപോലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലുള്ള ഭരണഘടനാ സ്ഥാപനമായി ലോക്പാലിനെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.