യാങ്കൂണ്‍: വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മ്യാന്‍മറില്‍ പാര്‍ലമെന്റ് സമ്മേളനത്തിന് വഴിയൊരുങ്ങുന്നു. പട്ടാള ഭരണകൂടത്തിന്റെ ഈ തീരുമാനം സുപ്രധാന ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്. തിങ്കളാഴ്ചയാണ് പാര്‍ലമെന്റ് സമ്മേളനം.

തലസ്ഥാനമായ നയ്പിറ്റാവില്‍ നിര്‍മ്മിച്ചിരിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിലാണ് സമ്മേളനം നടക്കുക. മ്യാന്‍മറിന്റെ അധികാരം പട്ടാളം പിടിച്ചെടുത്തതോടെയാണ് ജനാധിപത്യപരമായ പാര്‍ലമെന്റ് ഭരണം അവതാളത്തിലായത്. 1962ലാണ് മ്യാന്‍മറിന്റെ ഭരണം പട്ടാളം ഏറ്റെടുത്തത്.

നിലവില്‍ സഭയിലെ നാലിലൊന്ന് സീറ്റും പട്ടാളത്തിന് സംവരണം ചെയ്തിരിക്കുകയാണ്. അവശേഷിക്കുന്നതാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിക്കുന്നത്. എങ്കിലും പുതിയ തീരുമാനം ജനാധിപത്യത്തിലേക്കുള്ള വെളിച്ചമായി ജനങ്ങള്‍ക്കു പ്രതീക്ഷ നല്‍കുന്നുണ്ട്. കഴിഞ്ഞ നവംബറിലെ തിരഞ്ഞെടുപ്പ് വിമര്‍ശനങ്ങള്‍ക്കു നേരിയ തോതില്‍ അറുതി വരുത്തിയിരുന്നു. എങ്കിലും നിലവിലെ പ്രസിഡന്റ് ജനറല്‍ താന്‍ ഷ്യൂ തുടരാനാണ് സാധ്യത.

പട്ടാളത്തോടൊപ്പം പാര്‍ലമെന്റില്‍ ഇരിക്കേണ്ട അവസ്ഥയാണ് മ്യാന്‍മറിന് ഇപ്പോള്‍. പാര്‍ലമെന്റ് ഇല്ലാതിരിക്കുന്നതിലും ഭേദമാണ് പേരിനെങ്കിലും ഒരു പാര്‍ലമെന്റ് എന്നതാണ് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ പക്ഷം. പുതിയ തീരുമാനം അനുസരിച്ച് പരിമിതമായ ജനാധിപത്യ വ്യവസ്ഥയില്‍ നിന്നുകൊണ്ട് നിയമനിര്‍മ്മാണത്തില്‍ ജനപ്രതിനിധികള്‍ക്കു പങ്കാളികളാകുവാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാനും കഴിയും.