തിരുവനന്തപുരം: 13ാം നിയമസഭയില്‍ തുടക്കത്തില്‍ തന്നെ അംഗസംഖ്യയുടെ പേരില്‍ വാക്‌പോര്. പുതിയ സ്പീക്കര്‍ക്കുള്ള അനുമോദന പ്രസംഗത്തിനിടെയാണ് കക്ഷിനേതാക്കള്‍ അംഗസംഖ്യയെച്ചൊല്ലി മുനവച്ച ഭാഷയില്‍ പരസ്പരം വാക്‌പോര് നടത്തിയത്.

മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ വി.എസ് അച്യുതാനന്ദനാണ് ഇതിന് തുടക്കമിട്ടത്. 73 അംഗങ്ങള്‍ ഭക്ഷണപക്ഷത്തും 68 അംഗങ്ങള്‍ പ്രതിപക്ഷത്തുള്ള പ്രത്യേകതയാണ് ഈ സഭയ്ക്കുള്ളതെന്നും അതുകൊണ്ടുതന്നെ സ്പീക്കര്‍ ചുമതലകളും ഉത്തരവാദിത്തങ്ങളും ഭംഗിയായി നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി.എസ് പറഞ്ഞു.

68നേക്കാള്‍ എന്തുകൊണ്ടും വലുതാണ് 73 എന്നായിരുന്നു കുഞ്ഞാലിക്കുട്ടി വി.എസിന് നല്‍കിയ മറുപടി. തോറ്റാലും വാദിക്കുന്ന നാടന്‍മുന്‍ഷിമാരാണ് ഇപ്പോഴുള്ളതെന്നായിരുന്നു മാണിയുടെ വാക്കുകള്‍. അപ്പുറത്തിരിക്കുന്നവര്‍ ഗണിതശാസ്ത്രം പറയുകയാണെന്നായിരുന്നു സി. ദിവാകരന്റെ പരാമര്‍ശം. നല്ല പ്രതിപക്ഷം എപ്പോഴും ഭരണത്തിന്റെ മേന്‍മ വര്‍ധിപ്പിക്കാന്‍ ഇട നല്‍കുമെന്നും വി.എസിന്റെ പ്രതിപക്ഷം അങ്ങനെയൊരു അവസരമൊരുക്കിത്തരട്ടെയെന്ന് ആഗ്രഹിക്കുകയാണെന്നും മന്ത്രി ടി.എം ജേക്കബ് പറഞ്ഞു.

സ്പീക്കര്‍ക്കുള്ള അനുമോദന പ്രസംഗങ്ങള്‍ക്കിടയില്‍ ഭയപ്പെടുത്തലും ഭീഷണിപ്പെടുത്തലും നിര്‍ഭാഗ്യകരമായിപ്പോയി എന്നായിരുന്നു മന്ത്രി ഗണേഷ്‌കുമാറിന്റെ പരാതി. വരും ദിവസങ്ങളില്‍ സഭയ്ക്കകത്തും പുറത്തും നടക്കുന്ന ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലുകളുടെ തുടക്കമായി മാറി ഈ വാക്‌പോര്.