ന്യൂദല്‍ഹി : കള്ളപ്പണത്തിനെതിരെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ ബാബ രാംദേവിനെയും അനുയായികളേയും അറസ്റ്റ് ചെയ്തു. രാംദേവ് ഉപവാസം നടത്തുന്ന രാംലീലാ മൈതാനിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് അരകിലോമീറ്റര്‍ പിന്നിട്ടപ്പോഴായിരുന്നു അറസ്റ്റ്. അറസ്റ്റിനെ തുടര്‍ന്ന് രാംദേവ് അനുകൂലികള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Ads By Google

അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് രാംദേവ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ദല്‍ഹി പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു രാംദേവിന്റെ മാര്‍ച്ച്.

ആഗസ്റ്റ് 30 വരെ രാംലീലാ മൈതാനിയില്‍ സമരം നടത്താന്‍ മാത്രമാണ് രാംദേവിനെ അനുവദിച്ചതെന്നും പാര്‍ലമെന്റിലേക്ക് സമരോ പ്രകടനമോ നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ദല്‍ഹി പോലീസ് അറിയിച്ചു.

വിദേശത്തെ കള്ളപ്പണം തിരികെ കൊണ്ടുവരിക, ശക്തമായ ലോക്പാല്‍ നടപ്പാക്കുക, സി.ബി.ഐ.യെ സ്വതന്ത്രമാക്കുക, സി.ബി.ഐ. ഡയറക്ടര്‍, സി.എ.ജി., കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവരുടെ നിയമന നടപടികള്‍ സുതാര്യമാക്കുക എന്നിവയാണ് രാംദേവിന്റെ ആവശ്യങ്ങള്‍.

തന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ വലിയ വിപ്ലവം തുടങ്ങുമെന്ന് രാംദേവ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് പാര്‍ലമെന്റ് മാര്‍ച്ചും അറസ്റ്റുമൊക്കെ ഉണ്ടായിരിക്കുന്നത്.

അതേസമയം, ഉപവാസ സമരത്തിന് സര്‍ക്കാരില്‍ നിന്നും പ്രതികരണമൊന്നും ഇല്ലാത്തതിനാല്‍ അറസ്റ്റ് ലക്ഷ്യമിട്ടാണ് രാംദേവ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

കഴിഞ്ഞ വര്‍ഷവും രാംലീലാ മൈതാനിയില്‍ നിരാഹാരമിരുന്ന രാംദേവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ശനിയാഴ്ച്ച അവസാനിക്കേണ്ട ഉപവാസ സമരം വലിയ തീരുമാനം പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് ഞായറാഴ്ച്ച വരെ നീട്ടുകയായിരുന്നു.

രാംദേവിന് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്കരിയും ജെ.ഡി.യു നേതാവ് ശരത് യാദവും സമരവേദിയിലെത്തിയിരുന്നു.