ന്യൂദല്‍ഹി: ലോക്പാല്‍ വിഷയം തീരുമാനിക്കേണ്ടത് പാര്‍ലമെന്റാണ് അണ്ണാ ഹസാരെയല്ലെന്ന് യു.പി.എ. ഹസാരെയുടെ സത്യാഗ്രഹ വേദിയില്‍ പാര്‍ലമെന്റിന്റെ പരമാധികാരത്തെപറ്റി സംസാരിച്ചത് നന്നായെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍ പറഞ്ഞു.

‘ ജന്തര്‍മന്ദിറില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പാര്‍ലമെന്റിന്റെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കിയെന്നത് നല്ലതാണ്. പാര്‍ലമെന്റിനെ മറികടക്കാന്‍ നമുക്കാവില്ല.’ പവാര്‍ പറഞ്ഞു.

Subscribe Us:

അണ്ണ ഹസാരെ മുന്നോട്ട് വച്ച ജന്‍ലോക്പാല്‍ ബില്ലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായങ്ങള്‍ തുറന്നുപറയാനുള്ള അധികാരമുണ്ട്, അത് നല്ലതാണെങ്കില്‍ സ്വാഗതം ചെയ്യുമെന്നായിരുന്നു പവാറിന്റെ മറുപടി. പക്ഷെ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റാണെന്നും അദ്ദേഹം വ്യക്കമാക്കി.

ലോക്പാല്‍ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടേത് ഇരട്ടത്താപ്പാണ്. പാര്‍ലമെന്റ് നടപടികള്‍ ആരംഭിക്കുന്നതിനിടയിലും അവര്‍ സഭയ്ക്ക് പുറത്താണ് പ്രശ്‌നമുണ്ടാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ജനാധിപത്യത്തില്‍ എല്ലാകാര്യവും ചര്‍ച്ച ചെയ്യാന്‍ ഒരു വേദിയുണ്ട്. ഈ ചര്‍ച്ചകള്‍ക്കുള്ള ഏറ്റവും നല്ല വേദിയാണ് പാര്‍ലമെന്റ്. ‘ വാര്‍ത്താവിതരണമന്ത്രി അംബികാ സോണി പറഞ്ഞു. പാര്‍ലമെന്റിന് പുറത്ത് വിഷയം ഉന്നയിക്കുന്നത് പ്രതിപക്ഷ കക്ഷികളുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഞങ്ങള്‍ പാര്‍ലമെന്റിന് പുറത്ത് എന്തെങ്കിലും പറയാന്‍ ശ്രമിച്ചാല്‍ അവര്‍ പറയും ഇത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന്.

പാര്‍ലമെന്റ് പ്രതിനിധികള്‍ ഒരിക്കലും സഭയുടെ വില ഇകഴ്ത്തുന്ന കാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുതെന്ന് പാര്‍ലമെന്റിന് പുറത്ത് ലോക്പാല്‍ ചര്‍ച്ച ചെയ്യാമെന്ന ഹസാരെയുടെ ആശയത്തിന് മറുപടിയായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

Malayalam news

Kerala news in English