ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഷീലാ ദീക്ഷിത് രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇരുസഭകളിലും പ്രതിപക്ഷം ബഹളം വെച്ചു. മുഖ്യമന്ത്രി രാജി വെയ്ക്കുന്നതുവരെ ശക്തമായ സമരം തുടരുമെന്നും പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയെക്കൂടാതെ പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. സഭയില്‍ ചോദ്യോത്തരവേള നിര്‍ത്തിവെച്ച് സി.എ.ജി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് ഇരുസഭാധ്യക്ഷരും വഴങ്ങാതിരുന്നതിനെത്തുടര്‍ന്ന് സഭ 12 മണിവരെ നിര്‍ത്തി വെയ്ക്കുകയും തുടര്‍ന്ന് ഇന്നത്തേക്ക് പിരിയുകയും ചെയ്തു.

അതേസമയം കേന്ദ്ര കായികമന്ത്രി അജയ് മാക്കനെതിരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും എന്‍.ഡി.എ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ച് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയുടെ പേരിലാണ് നോട്ടീസ്. സുരേഷ് കല്‍മാഡിയെ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതി അധ്യക്ഷനായി നിയമിക്കാന്‍ തീരുമാനിച്ചത് എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്താണെന്ന മാക്കന്റെ പ്രസ്താവന സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കാണിച്ചുകൊണ്ടായിരുന്നു നോട്ടീസ്.