എഡിറ്റര്‍
എഡിറ്റര്‍
ബലാത്സംഗം ഒഴിവാക്കാന്‍ സ്ത്രീകളെ വീട്ടില്‍ പാര്‍ക്കു ചെയ്തിടൂ: കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ആന്ധ്ര സ്പീക്കര്‍
എഡിറ്റര്‍
Saturday 11th February 2017 11:32am

rao

ഹൈദരാബാദ്: കാറു പാര്‍ക്കു ചെയ്യും പോലെ സ്ത്രീകളെ വീട്ടില്‍ പാര്‍ക്കു ചെയ്താല്‍ ബലാത്സംഗം പോലുള്ള സംഭവങ്ങളുണ്ടാവില്ലെന്ന് ആന്ധ്രപ്രദേശ് സ്പീക്കറും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ കോഡ്‌ല ശിവ പ്രസാദ് റാവു. സ്ത്രീകള്‍ വീട്ടമ്മമാരായി കഴിഞ്ഞിരുന്ന പഴയകാലത്ത് ബലാത്സംഗം പോലുള്ള സംഭവങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ന് അവര്‍ പഠിക്കുന്നുണ്ട്. ജോലി ചെയ്യുന്നുണ്ട്. അവര്‍ ബിസിനസ് ചെയ്യുന്നുണ്ട്. അവര്‍ സമൂഹവുമായി കൂടുതല്‍ ഇഴുകിച്ചേരുന്നു. അവര്‍ സമൂഹത്തിലേക്ക് ഇറങ്ങി വരുമ്പോള്‍ പൂവാശല്യവും പീഡനവും ബലാത്സംഗവും തട്ടിക്കൊണ്ടുപോകലുമൊക്കെ ഉണ്ടാവും. വീട് വിട്ടു പുറത്തുവരുന്നില്ലെങ്കില്‍ അത് സംഭവിക്കില്ല.’ എന്നാണ് ശിവ പ്രസാദ് റാവുവിന്റെ ‘കണ്ടെത്തല്‍’.

‘നിങ്ങള്‍ ഒരു വാഹനം വാങ്ങിയെന്നിരിക്കട്ടെ. വീട്ടിലെ ഗാരേജില്‍ പാര്‍ക്ക് ചെയ്തിട്ടാല്‍ അപകടങ്ങള്‍ ഒഴിവാക്കാം. ശരിയല്ലേ? ചന്തയിലോ മറ്റോ പോകാന്‍ റോഡിലിറക്കിയാല്‍ അപകടം വരാനിടയുണ്ട്. കാറിന് വേഗത കൂടുന്തോറും അപകടം നടക്കാനുള്ള സാധ്യതയും കൂടുതലാണ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ എന്ന വേഗതയില്‍ പോയാല്‍ അപകട സാധ്യതയും കുറവാണ്. വേഗത മണിക്കൂറില്‍ 100കിലോമീറ്റര്‍ ആകുമ്പോള്‍ അപകടം വരാനുള്ള സാധ്യതയും കൂടും.’ അദ്ദേഹം പറയുന്നു.

സംസ്ഥാനത്ത് വനിതാ പാര്‍ലമെന്റ് നടത്തുന്നത് സംബന്ധിച്ച് വിശദീകരിക്കാന്‍ ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സ്പീക്കര്‍ ഈ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയത്.

Advertisement