കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ ഒരു ഡോക്ടറെ കൂടി പുറത്താക്കി. മെഡിക്കല്‍ കോളജ് ഹൃദയചികിത്സാ വിഭാഗമായ സഹകരണ ഹൃദയാലയത്തിലെ ഡോക്ടര്‍ ടി. പ്രശാന്തിനെയാണ് ഭരണസമിതി പുറത്താക്കിയത്.

പരിയാരം ഭരണസമിതിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച ഹൃദയാലയയിലെ സീനിയര്‍ കാര്‍ഡിയോ തെറാസിക് സര്‍ജന്‍ ഡോ. കുല്‍ദീപ് കുമാറിനെ സര്‍വീസില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

Ads By Google

ഭരണസമിതിയുടെ ഈ നടപടിക്കെതിരെ പ്രശാന്ത് രൂക്ഷവിമര്‍ശനം ഉന്നയിച്ചതിനാണ് പുറത്താക്കല്‍ നടപടി. രാവിലെ ജോലിക്കെത്തിയ ഡോക്ടറെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ കവാടത്തില്‍ തടഞ്ഞു. തുടര്‍ന്നാണ് അദ്ദേഹത്തെ പുറത്താക്കിയ വിവരം അറിയിച്ചത്.

മാനേജ്‌മെന്റിനെതിരെ അപകീര്‍ത്തികരമായി പ്രതികരിച്ചുവെന്നാരോപിച്ചാണ് പുറത്താക്കല്‍.

ഇതോടെ കാര്‍ഡിയോളജി വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാരാണ് പുറത്തായത്. ഡോ. കുല്‍ദീപ് കുമാറിനെ ഇന്നലെ പുറത്താക്കിയതിനാല്‍ നടക്കേണ്ടിയിരുന്ന 3 ശസത്രക്രിയകളാണ് ഇന്നലെ മുടങ്ങിയത്.

ശസത്രക്രിയ നടത്താന്‍ തന്നെ അനുവദിക്കണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആശുപത്രി അധികൃതര്‍ അനുവദിച്ചിരുന്നില്ല.