ബോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നും അനുയോജ്യമായ സ്‌ക്രിപ്റ്റിനായി കാത്തിരിക്കുകയാണെന്നും ഹോളിവുഡ് ഹോട്ട് ബ്യൂട്ടി പാരീസ് ഹില്‍ട്ടണ്‍. ബിസിനസ് ആവശ്യത്തിനായി ഇന്ത്യയിലെത്തിയ പാരീസ് മാധ്യമങ്ങളോടാണ് ബോളിവുഡിനോടുള്ള തന്റെ പ്രണയം തുറന്ന് പറഞ്ഞത്.

‘ബോളിവുഡ് സിനിമകള്‍ മനോഹരമാണ്. എനിക്കിഷ്ടവുമാണ്. ബോളിവുഡില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ട്. ഒരു പാട് ഓഫറുകള്‍ വന്നിരുന്നു. പക്ഷെ ഞാന്‍ നല്ല സ്‌ക്രിപ്റ്റിനായി കാത്തിരിക്കുകയാണ’. ഹില്‍ട്ടണ്‍ മനസ് തുറന്നു.

ശനിയാഴ്ച പുലര്‍ച്ചെ രാവിലെ നാല് മണിക്ക് തുര്‍ക്കി എയര്‍ലൈന്‍ ഫ്‌ളൈറ്റിലായിരുന്നു ഛത്രപതി ശിവാജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പാരീസ് എത്തിയത്. തന്റെ ഉടമസ്ഥതയിലുള്ള സൗന്ദര്യ വസ്തുക്കളും ഹാന്‍ഡ് ബാഗുകളും ഇന്ത്യന്‍ വിപണിയിലവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹില്‍ട്ടണ്‍ന്റെ ഇന്ത്യാ സന്ദര്‍ശനം. ഇതോടെ ഹില്‍ട്ടണ്‍ന്റെ കളക്ഷന്‍ ലഭിക്കുന്ന മുപ്പത്തിയാറാമത്തെ രാജ്യമാകും ഇന്ത്യ.

അഭിനയിച്ച ചിത്രങ്ങളേക്കാള്‍ കൂടുതല്‍ വിവാദങ്ങളുടേ പേരില്‍ അറിയപ്പെടുന്ന പാരീസ്, ബോളിവുഡിലേക്ക് ചേക്കേറാനൊരുങ്ങുന്നതിന്റെ മുന്നോടിയായാണ് ഇന്ത്യയിലേക്കെത്തുന്നത് എന്ന് നേരത്തെ ശ്രുതിയുണ്ടായിരുന്നു. ഏതായാലും ഇരുപത്തിയാറാം തീയ്യതിവരെ ഹില്‍ട്ടണ്‍ ഇന്ത്യയിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട. അങ്ങിനെയെങ്കില്‍ ബോളിവുഡിനോടുള്ള പ്രണയം വെളിപ്പെടുത്തിയ നിലക്ക് മിക്കവാറും ഒന്നോ രണ്ടോ ഓഫറുകളില്‍ ഒപ്പിട്ടേ പാരീസ് ഇന്ത്യ വിടൂ എന്നാണ് അണിയറസംസാരം.