ന്യൂദല്‍ഹി: ഇന്ത്യന്‍ ഹോക്കിയുടെ അവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം പര്‍ഗത് സിംഗ് നിരാഹാരസമരത്തിലേക്ക്. ദേശീയ കായിക വിനോദമായ ഹോക്കിയുടെ നിലവിലെ സ്ഥിതി കണക്കിലെടുത്താണ് ഒളിമ്പ്യന്‍കൂടിയായ പര്‍ഗത് സിംഗ് രംഗത്തെത്തിയിരിക്കുന്നത്.

ദേശീയ കായിക ദിനമായ ആഗസ്റ്റ് 29ന് നിരാഹാരം കിടക്കാനാണ് പര്‍ഗത് തീരൂമാനിച്ചിരിക്കുന്നത്. ഒരു കാലത്ത് പ്രതാപത്തിലെത്തിയിരുന്ന ഇന്ത്യന്‍ ഹോക്കി ഇന്ന് പടുകുഴിയിലാണ് എത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഹോക്കിയെ ഈയവസ്ഥയിലെത്തിച്ചവരെ വെറുതെവിടാന്‍ പാടില്ലെന്നും പര്‍ഗത് ആവശ്യപ്പെടുന്നു.

ഇന്ത്യന്‍ ഹോക്കിയുമായി ബന്ധപ്പെട്ട കേസുകളെല്ലാം പെട്ടെന്ന് തീര്‍പ്പാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പര്‍ഗത് പറയുന്നു. ഹോക്കിയുടെ ഭരണരംഗത്ത് അടിമുടി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട പര്‍ഗത് അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയങ്ങള്‍ തയ്യാറാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വാചാലനായി.

ഇന്ത്യന്‍ ടീമില്‍ പുതിയ കോച്ചിനെ നിയമിക്കണമെന്നും പ്രധാനമന്ത്രിയും കായികമന്ത്രാലയവും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പര്‍ഗത് സിംഗ് ആവശ്യപ്പെടുന്നു.