Categories

ഹോക്കിയെ തകര്‍ക്കുന്നത് കല്‍മാഡിയുടെ മാഫിയ

ന്യൂദല്‍ഹി: ഇന്ത്യന്‍ ഹോക്കിയില്‍ ഉടലെടുത്ത പ്രതിസന്ധിക്ക് മുഴുവന്‍ കാരണം ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സുരേഷ് കല്‍മാഡിയാണെന്ന് മുന്‍ ഹോക്കി ക്യാപ്റ്റന്‍ പര്‍ഗത് സിങ്. കല്‍മാഡിയെ പോലെയുള്ള സ്‌പോര്‍ട്‌സ് മാഫിയകള്‍ ഇന്ത്യന്‍ കായിക മേഖലക്ക് ഒരിക്കലും ഗുണം ചെയ്യില്ല. ടീമിന് അംഗീകാരം നല്‍കുന്ന വിഷയവുമായി ബന്ധപ്പെട്ട് താന്‍ ഏറെ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്.

കല്‍മാഡി ഇന്ത്യന്‍ ഹോക്കിയെ പരിഹസിക്കുകയാണ്. ഇതിനെ സ്‌പോര്‍ട്‌സ് മാഫിയയെന്നല്ലാതെ വിളിക്കാനാകില്ല. ഹോക്കി ഇന്ത്യ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് പല കണക്കുകൂട്ടലുകളുമുണ്ട്. അത് നടപ്പാക്കാനാണ് ഈ ശ്രമം. ഇന്ത്യന്‍ ഹോക്കിയുടെ ഭാവിയെന്താകുമെന്നത് ഇവര്‍ക്ക് പ്രശ്‌നമല്ല. കല്‍മാഡിയെ പ്രസിഡണ്ട് സ്ഥാനത്തേക്ക് പിന്തുണക്കുകയാണെങ്കില്‍ പഞ്ചാപ് ടീമിന് അംഗീകാരം നല്‍കാമെന്ന വാഗ്ദാനവുമായി ഒരാള്‍ എന്റെയടുത്ത് വന്നിരുന്നു. എന്നാല്‍ ഇത്തരം കച്ചവടത്തില്‍ എനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞ് ഞാന്‍ അയാളെ തിരിച്ചയക്കുകയായിരുന്നു.

എന്നാല്‍ താന്‍ ഹോക്കി ഇന്ത്യയുടെ പ്രസിഡണ്ടായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡണ്ടെന്ന നിലയില്‍ തനിക്ക് ഏറെ ജോലിയുണ്ടെന്നും സുരേഷ് കല്‍മാഡി വ്യക്തമാക്കി. പര്‍ഗതിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഫെബ്രുവരി ഏഴിന് നടത്താനിരുന്ന ഹോക്കി ഇന്ത്യ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ സംസ്ഥാന ടീമിന് അഫിലിയേഷന്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.