എഡിറ്റര്‍
എഡിറ്റര്‍
മലയാളി സൈനികന്റെ മരണത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍
എഡിറ്റര്‍
Friday 10th August 2012 12:21am

തിരുവനന്തപുരം: കാശ്മീരിലെ സൈനിക ക്യാമ്പില്‍ മലയാളി സൈനികന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദൂരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. കിളിമാനൂര്‍ തട്ടത്തുമ്മല മറവക്കുഴി കാര്‍ത്തികയില്‍ അരുണ്‍ കുമാര്‍ (26) ആണ് കഴിഞ്ഞദിവസം സൈനിക ക്യാമ്പില്‍ സ്വയം വെടിവെച്ച് മരിച്ചത്. മരണത്തില്‍ ദൂരൂഹതയുണ്ടെന്ന ആരോപണവുമായി അരുണിന്റെ പിതാവ് വിശ്വമോഹന്‍ പിള്ളയും മാതാവ് അനിത കുമാരിയുമാണ് രംഗത്തെത്തിയത്.

Ads By Google

കാശ്മീരിലെ സാമ്പയില്‍ 16ാം കാവല്‍റി യൂണിറ്റിലെ മൂന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് മകന്റെ മരണത്തിന് കാരണമെന്നും ഇവര്‍ പറയുന്നു. സൈനിക ക്യാമ്പില്‍ വധഭീഷണിയുണ്ടായിരുന്നതായി അരുണ്‍ തന്നോട് ഫോണില്‍ അറിയിച്ചിരുന്നതായി മാതാവ് അനിത കുമാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഓണത്തിന് നാട്ടിലെത്തുമെന്ന് പറഞ്ഞ മകന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അനിത കുമാരി പറഞ്ഞു. കഴിഞ്ഞദിവസം രാവിലെ അരുണ്‍ കുമാര്‍, അനുജന്‍ രാജീവിനോട് ഫോണില്‍ സംസാരിക്കുകയും ലാപ്‌ടോപ് വാങ്ങുന്നതിനായി നാല്‍പ്പതിനായിരം രൂപ അയച്ച കാര്യവും പറഞ്ഞിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാവിലെ ഒമ്പതരയോടെയാണ് അരുണ്‍ മരിച്ചതായി പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്ന് സന്ദേശമെത്തിയത്.

അതേസമയം സൈനിക ക്യാമ്പില്‍ അരുണിന് നിരന്തരം മാനസിക പീഡനമേറ്റിരുന്നതായി അരുണിന്റെ സുഹൃത്തുക്കള്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. ക്യാമ്പില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സൈനികരെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. നാഷണല്‍ ഡിഫെന്‍സ് അക്കാദമിയില്‍ ഓഫീസര്‍ ടെസ്റ്റിനായി അപേക്ഷിച്ച അരുണ്‍ അവധി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയതോടെയാണ് പീഡനം ശക്തമായത്.

2005ലാണ് അരുണ്‍ സൈനിക സേവനം ആരംഭിച്ചത്. കഴിഞ്ഞ ജൂണില്‍ പതിനഞ്ച് ദിവസത്തെ അവധിക്ക് നാട്ടിലെത്തിയിരുന്നു.

Advertisement