വാഷിങ്ടണ്‍: യമനില്‍ നിന്ന് യു എസിലേക്കയച്ച രണ്ട് പാര്‍സല്‍ ബോംബുകള്‍ ദുബൈയിലെയും ഇംഗ്ലംണ്ടിലെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് വിമാനത്തില്‍ കാര്‍ഗോയില്‍ കടത്തുകയായിരുന്നു ബോംബുകളാണ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും വയറുകും വെളുത്ത പൊടിയുമാണ് പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് തുടര്‍ന്ന് അമേരിക്കയിലും ഇംഗ്ലണ്ടിലും ദുബൈയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

ചിക്കാഗോയിലെ ജൂത കേന്ദ്രത്തിലേക്ക് അയച്ച ബാഗേജുകളിലാണ് സ്‌ഫോടന ഉപകരണങ്ങള്‍ കണ്ടെത്തിയത്. വന്‍ ആക്രമണത്തിന് മുന്നോടിയായി നടത്തിയ നീക്കമാണിതെന്നാണ് അമേരിക്ക കണക്കുകൂട്ടുന്നത്.

കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ പരാജയപ്പെട്ട സ്‌ഫോടന പദ്ധതിക്ക് ഉപയോഗിച്ച ശക്തിയേറിയ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പ്ലോസീവ് തന്നെയാണ് ഇപ്പോഴും കണ്ടെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു.

സൗദി അറേബ്യ നല്‍കിയ വിവരമാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടാന്‍ സഹായിച്ചതെന്ന് അഇമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ വ്യക്തമാക്കി. അല്‍ഖാഇദയുടെ മുഖ്യപ്രവര്‍ത്തന കേന്ദ്രമാണ് യമനെന്നാണ് അമേരിക്ക ആരോപിക്കുന്നത്. എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് എല്ലാവിധ സഹായവും നല്‍കുമെന്ന് യെമന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.