വാഷിംഗ്ടണ്‍:  അമേരിക്കയില്‍ പാര്‍സല്‍ ബോംബ് ആക്രമണം നടത്താനുള്ള പദ്ധതിക്കുപിന്നില്‍ പ്രവര്‍ത്തിച്ചു എന്നു സംശയിക്കുന്ന വിദ്യാര്‍ത്ഥിയെ അറസ്റ്റു ചെയ്തു. പാര്‍സല്‍ അയച്ചയാളെന്ന് പോലീസ് കരുതുന്ന മെഡിസിന്‍ വിദ്യാര്‍ത്ഥിയെയാണ് യെമനനില്‍ അറസ്റ്റു ചെയ്തത്. പാര്‍സല്‍ ബോംബ് യമവനനില്‍ നിന്നാണെന്ന് നേരത്തെ വ്യക്തമായിരുന്നു. പാര്‍സല്‍ അയച്ച രശീതിയില്‍ നല്‍കിയ മൊബൈല്‍ നമ്പറിയില്‍നിന്നാണ് ഹനാന്‍ അല്‍ സമാവി എന്ന 22കാരിയെ പിടികൂടിയത്.

രണ്ട് കാര്‍ഗോ കമ്പനികള്‍ വഴി ഒരു പെണ്‍കുട്ടിയാണ് പാര്‍സല്‍ അയച്ചതെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നതായി പ്രസിഡണ്ട് അലി അബ്ദൂള്ള സലേ പറഞ്ഞു. എന്നാല്‍ അറസ്റ്റിലായ പെണ്‍കുട്ടിക്ക് തീവ്രവാദ ബന്ധമുള്ളതായി സൂചനയൊന്നുമില്ലെന്ന് മനുഷ്യവകാശ സംഘടനകള്‍ പറയുന്നു. ബോംബ് അയക്കുന്നയാള്‍ ആളെ തിരിച്ചറയാന്‍വേണ്ടി ഫോണ്‍ നമ്പര്‍ നല്‍കുമെന്ന് കരുതാനാവില്ലെന്നും അവര്‍ പറയുന്നു.
അമേരിക്കയിലേക്കുള്ള രണ്ട് ചരക്കുവിമാനങ്ങളില്‍ വെള്ളിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് പാര്‍സല്‍ ബോംബ് കണ്ടെത്തിയത്.

യെമനന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അല്‍ ഖ്വയ്ദ വിഭാഗമാണ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് യു.എസ് പ്രസിഡണ്ട് ബറാക് ഒബാമ ആരോപിച്ചിരുന്നു. അമേരിക്ക വിട്ട് യെമനില്‍ ഒളിച്ചു കഴിയുന്ന പുരോഹിതന്‍ അന്‍വര്‍ അല്‍ അവ്‌ലാക്കിയാണ് പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് അമേരിക്കയുടേയും ബ്രിട്ടന്റെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്.