കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ ഒളിവില്‍പോയ സി.പി.ഐ.എം പ്രാദേശിക നേതാവിനെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. സി.പി.ഐ.എം പുത്തന്‍കുരിശ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന എല്‍ദോ കെ.മാത്യുവിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ ക്രൈബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കൊച്ചിന്‍ റിഫൈനറീസിലെ തൊഴിലാളി നേതാവുകൂടിയാണ് ഇയാള്‍.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെതുടര്‍ന്ന് സി.പി.ഐ.എം കോലഞ്ചേരി ഏരിയാ കമ്മിറ്റി ഇന്നലെ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ തിരുവനന്തപുരത്തെത്തിച്ചുവെന്ന് കരുതുന്ന ഇയാളുടെ കാര്‍ ഇന്നലെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ പറവൂര്‍ പീഡനക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 42 ആയി.