നസീബാ ഹംസ

സ്വന്തം മകളെ മറ്റുള്ളവര്‍ക്ക് മുന്നില്‍ കാഴ്ച്ചവെക്കാന്‍ കൂട്ടുനില്‍ക്കുകയും ശരീരവില്‍പ്പനക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന അച്ഛനും അമ്മയും. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഇത്തരത്തിലുള്ളതാണ്.

പറവൂര്‍ പീഡനക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പണത്തിന് വേണ്ടി നാടുനീളെ നടന്ന് കാഴ്ച്ചവെച്ചത് സ്വന്തം അച്ഛന്‍, പരാതിയുമായി എത്തിയപ്പോള്‍ അമ്മ ഉപദേശിച്ചത് വിവരം ആരോടും പറയരുതെന്ന്. കാലിച്ചന്തയില്‍ വിലപേശി മാടുകളെ വില്‍ക്കുന്നത് പോലെയാണ് പെണ്‍കുട്ടിയെ അച്ഛന്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചതെന്ന് പെണ്‍കുട്ടി തന്നെ പറയുന്നു.

സ്വന്തം ശരീരത്തിന് വേണ്ടി കൊതിമൂത്ത നില്‍ക്കുന്ന കഴുകന്മാര്‍ക്ക് മുന്നില്‍ നിസ്സഹായയായി നില്‍ക്കേണ്ടി വരുന്ന ഒരു പെണ്‍കുട്ടിയുടെ അവസ്ഥ അതര്‍ഹിച്ച രീതിയില്‍ കേരളത്തിന് ചര്‍ച്ച ചെയ്യാന്‍ കഴിയുന്നുണ്ടോയെന്ന കാര്യത്തില്‍ വരെ സംശയമാണ്.

പലതവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും മരണം പോലും അവളെ കൈവെടിയുകയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി അവള്‍ അനുഭവിച്ച പീഡനങ്ങള്‍ എന്തൊക്കെയെന്ന് ഊഹിക്കാവുന്നതിലും അപ്പുറത്താണ്.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ അമ്മയെ ഭീഷണിപ്പെടുത്തിയാണ് അവളെ ആദ്യമായി പണത്തിന് വേണ്ടി വില്‍ക്കുന്നത്. സിനിമയില്‍ അഭിനയിക്കാമെന്ന് അവളെ മോഹിപ്പിച്ചായിരുന്നു അത്. എറണാകുളത്തെ ഒരു ഹോട്ടല്‍ മുറിയിലാണ് അച്ഛന്‍ സുധീരന്‍ ആദ്യമായി മകളെ മറ്റൊരാള്‍ക്ക് കാഴ്ച്ചവെക്കുന്നത്. 2010 മെയ് മൂന്നിനായിരുന്നു ഇത്. പിന്നീട് എറണാകുളത്തെ പല ഹോട്ടല്‍ മുറികളിലും പെണ്‍കുട്ടി കാഴ്ച്ച വസ്തുവായി. 4മണിക്ക് സ്‌കൂള്‍ വിട്ടതിന് ശേഷം അച്ഛന്‍ ബൈക്കില്‍ തന്നെ പലരുടെയും അടുത്ത് കൊണ്ട് പോകാറുണ്ടായിരുന്നതായും പെണ്‍കുട്ടി പറയുന്നു.

എറണാകുറളത്ത് വെച്ച് ഒരു സിനിമാ സംവിധായകന്‍ തന്നെ പീഡിപ്പിച്ചിരുന്നതായി പറയുന്ന പെണ്‍കുട്ടി തന്റെ കൂടെ മറ്റ് രണ്ട് പെണ്‍കുട്ടികളും പീഡനത്തിനിരയായിരുന്നതായി പറയുന്നു. ശ്രീനാഥ്, ഖദീജ, ജെസ്സി, ബീന, ഒമന എന്നിവരാണ് ഏജന്റ്മാരായി പ്രവര്‍ത്തിച്ചിരുന്നത്.

കേരളാപോലീസ് പുറത്ത് വിട്ട പുതിയ കണക്ക് പ്രകാരം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച 174 കേസുകള്‍ ഈ വര്‍ഷം ജൂണ്‍ വരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2010 ല്‍ ഇത്തരത്തിലുള്ള 208 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2009 ല്‍ 235 കേസുകളും.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരായുള്ള ആക്രമണം ഈ വര്‍ഷം കൂടുതലാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡി. ശ്രീദേവി പറയുന്നു. ടെക്‌നോളജിയുടെ ദുരുപയോഗമാണ് ഇതന്റെ പ്രധാനകാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്്. കുറ്റവാളികള്‍ സമൂഹത്തിലെ ഉന്നതരുടെ സഹായത്തോടെ രക്ഷപ്പെടുന്നു എന്നതും ഇത്തരം കേസുകള്‍ തെളിയിക്കപ്പെടുന്നതിന് തടസ്സമാകുന്നുണ്ട്.

‘ഇത്തരം പെണ്‍കുട്ടികള്‍ സ്വന്തം അച്ഛനില്‍ നിന്നുവരെ പീഡിപ്പിക്കപ്പെടുന്നുണ്ട്.’ശ്രീദേവി പറയുന്നു.
ഈ വര്‍ഷം ഇതുവരെ കുട്ടികള്‍ക്കെതിരെ 698 പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്്. 2010 ല്‍ 596 ഉം 2009 ല്‍ 589 ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.