കൊച്ചി: പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ പറവൂര്‍ ശ്രീധരന്‍ തന്ത്രി (90) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

അബ്രാഹ്മണര്‍ക്ക് ക്ഷേത്രാ പൂജാ ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ അവകാശമുണ്ടെന്ന് വാദിച്ച് പൂജാവൃത്തികള്‍ പഠിപ്പിക്കാന്‍ രംഗത്തിറങ്ങിയതിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ശ്രീധരന്‍ തന്ത്രി. ഈഴവ സമുദായത്തില്‍പെട്ട അദ്ദേഹം ക്ഷേത്രസദസുകളിലെയും താന്ത്രിക വേദികളിലെയും മുഖ്യകാര്‍മ്മികനായി തീര്‍ന്നുവെന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

Subscribe Us:

കേരളത്തിനകത്തും പുറത്തും ഇരുന്നൂറിലധികം ക്ഷേത്രങ്ങളിലെ താന്ത്രിക ചുമതലയുണ്ടായിരുന്നു. നിരവധി തന്ത്ര-ജ്യോതിഷ സെമിനാറുകളിലും ക്ഷേത്രസമിതികളിലും സജീവ സാന്നിധ്യമായിരുന്നു. സംസ്‌കൃത പണ്ഡിതനായ അദ്ദേഹത്തിന് അമൃതകീര്‍ത്തി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ദേവയജന പദ്ധതി, പിതൃകര്‍മ്മ വിധി, ഗുരുശിഷ്യസംവാദം എന്നീ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ആലുവ തന്ത്രവിദ്യാ പീഠത്തിലും പ്രവര്‍ത്തിച്ചിരുന്നു. അമൃതകീര്‍ത്തി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ പരേതയായ അമൃതവല്ലി. മക്കള്‍: ജ്യോതിസ്, ഗിരീഷ്, രാകേഷ്.