കൊച്ചി: പറവൂര്‍ പീഠനക്കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ വ്യാപകമായ നീ്ക്കം നടക്കുന്നതായി സൂചന. ഇതിന്റെ ഭാഗമായി അന്വേഷണം ഊര്‍ജ്ജിതമായി മുന്നോട്ടേ പോകവേ മേല്‍നോട്ടത്തിനെന്ന പേരില്‍ പുതിയ ഉദ്ദ്യോഗസ്ഥനെ നിയമിച്ചു. കേസന്വേഷണച്ചുമതലയുണ്ടായിരുന്ന എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി: എസ് സുരേന്ദ്രന്റെയും ഡി വൈ എസ് പി ബിജോ അലക്‌സാണ്ടറുടെയും നോതൃത്വത്തില്‍ വ്യാപകമായ അറസ്റ്റും അന്വേഷണനടപടികളുമായി മുന്നോട്ടു പോകവെയാണ് കേസിന്റെ മേല്‍നോട്ടചുമതല തൃശൂര്‍ ക്രൈംബ്രാഞ്ച് എസ് പി പി എന്‍ ഉണ്ണിരാജയ്ക്ക് കൈമാറി ഡിജിപി ഉത്തരവിറക്കിയത്.

മുസ്ലീം ലീഗ് എറണാകുളം വൈസ് പ്രസിഡണ്ടിന്റെ മകനുള്‍പ്പെടെയുള്ള ചില ഭരണപക്ഷ നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരെ അന്വേഷണം നീളവേയാണ് അന്വേഷണത്തെ അട്ടിമറിക്കാനുതകുന്ന നീക്കങ്ങള്‍ ഉണ്ടായിരിക്കുന്നത്. ജില്ലയിലെ രണ്ടു പ്രമുഖ ഇടതുപക്ഷനേതാക്കള്‍ കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായിരുന്നു.അന്വേഷണം പുരോഗമിക്കവേ ചില കോണ്‍ഗ്രസ് -സിപിഎം നേതാക്കള്‍ ഒളിവിലാണെന്നും റിപ്പോര്‍ട്ടുണ്ട്.

സസ്‌പെന്‍ഷനിലായ മുന്‍ ഐജി ടോമിന്‍ ജെ തച്ചങ്കരിയുടേതുള്‍പ്പെടെ നിരവധി വമ്പന്‍മാരുടെ പേരുകള്‍ കേസുമായി ബന്ധപ്പെട്ടു പൂറത്തുവരവേയാണ് മേല്‍നോട്ടത്തിനെന്ന പേരില്‍ പുതിയ എസ് പിയെ അഭ്യന്തരവകുപ്പ് നിര്‍ദ്ദേശത്തെതുടര്‍ന്ന് നിയോഗിച്ചിരിക്കുന്നത്. ഇദ്ദേഹം നേരത്തെ വിവാദമായ കൈവെട്ട് കേസിന്റെ അന്വേഷണത്തിലുണ്ടായ പാളിച്ചകളുടെ പേരില്‍ ഏറെ ആക്ഷേപങ്ങള്‍ നേരിട്ടുണ്ട്. ഇദ്ദേഹത്തിനുതന്നെ അന്വേഷണചുമതല കൈമാറിയത് ശരിയായ ദിശയിലുള്ള അന്വേഷണം അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനുമാണെന്നാണ് പരക്കെ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.