തിരുവനന്തപുരം: പറവൂരില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പുനരധിവാസ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. പറവൂരില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ദുരന്തങ്ങള്‍ ചൂണ്ടിക്കാട്ടി വി.ഡി.സതീശന്‍ എം.എല്‍.എ നല്‍കിയ കത്തിനു നല്‍കിയ മറുപടിയിലാണു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഡോക്ടര്‍മാരുടെ ഒരു പാനല്‍ കുട്ടിയെ പരിശോധിച്ച് ഉചിതമായ ചികിത്സ നല്‍കുന്നതിനു വേണ്ട നടപടി സ്വീകരിക്കേണ്ടതാണെന്നും മുഖ്യമന്ത്രിയുടെ മറുപടിക്കത്തില്‍ പറയുന്നു.

പെണ്‍കുട്ടിയുടെ സംരക്ഷണവും സുരക്ഷിതമായ താമസ സൗകര്യവും ഏര്‍പ്പാടാക്കണം. ജില്ലാ കലക്ടറും എസ്.പിയും ഇക്കാര്യത്തിനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം. സംരക്ഷിക്കേണ്ടവര്‍ തന്നെ ദുരിതത്തിലേക്കു തള്ളിവിട്ട പറവൂര്‍ പീഡനം സംസ്ഥാനത്തെ ഏറ്റവും നാണംകെട്ട സംഭവമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്തില്‍ പറഞ്ഞിട്ടുണ്ട്.

അതേസമയം, കേസിന്റെ അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേസില്‍ ഇതുവരെ അറസ്റ്റ് ചെയ്തവര്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കാനാകുമെന്നും അവര്‍ പറഞ്ഞു. പെണ്‍കുട്ടിയെ മൈസൂരില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്ന ഇടനിലക്കാരി മൊഴിനല്‍കിയതിനാല്‍ അന്വേഷണം മൈസൂരിലേക്കും വ്യാപിപ്പിക്കുമെന്നാണ് സൂചന.