എഡിറ്റര്‍
എഡിറ്റര്‍
‘അദാനിക്കെതിരായ ലേഖനം പിന്‍വലിച്ചാലേ മുറി വിട്ടുപോകാനാവൂ എന്നവര്‍ പറഞ്ഞു’ രാജിവെയ്ക്കാനുള്ള കാരണം വെളിപ്പെടുത്തി ഇ.പി.ഡ്ബ്ല്യു മുന്‍ എഡിറ്റര്‍
എഡിറ്റര്‍
Friday 28th July 2017 2:34pm

ന്യൂദല്‍ഹി: തന്റെ രാജിയിലേക്കു നയിച്ചത് ഇ.പി.ഡബ്ല്യു വീക്ക്‌ലിയുടെ ഉടമസ്ഥരായ സമീക്ഷ ട്രസ്റ്റിന്റെ നിലപാടുകളെന്ന് ഇ.പി.ഡബ്യു മുന്‍ എഡിറ്റര്‍ പരഞ്‌ജോയ് ഗുഹ തകുര്‍ത. ദ വയറിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ രാജിയിലേക്കു നയിച്ച സംഭവങ്ങള്‍ വിശദീകരിക്കുന്നത്.

ആദാനി ഗ്രൂപ്പിനെതിരെയുള്ള ലേഖനംപ്രസിദ്ധീകരിച്ചതിനെതുടര്‍ന്ന് അവര്‍ അപകീര്‍ത്തി ആരോപണമുയര്‍ത്തി വക്കീല്‍ നോട്ടീസ് അയച്ചതിനു പിന്നാലെ ചേര്‍ന്ന സമീക്ഷ ട്രസ്റ്റിന്റെ യോഗത്തില്‍ ട്രസ്റ്റ് സ്വീകരിച്ച നിലപാടുകളാണ് തന്റെ രാജിയ്ക്കു വഴിവെച്ചതെന്നാണ് അദ്ദേഹം പറയുന്നത്.

ജൂലൈ 12ന് ഉച്ചയോടെയാണ് യോഗം നടന്നത്. അദാനിയ്‌ക്കെതിരായ ലേഖനം പിന്‍വലിച്ചെന്നു വിവരം ലഭിക്കുന്നതുവരെ മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിക്കില്ല എന്ന നിലപാടാണ് ട്രസ്റ്റ് സ്വീകരിച്ചതെന്നാണ് തകുര്‍ത്ത പറയുന്നത്.

ലേഖനവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് അപകീര്‍ത്തി ആരോപണം ഉയര്‍ത്തി അയച്ച നോട്ടീസിന് താന്‍ അഭിഭാഷകന്‍ മുഖേന വിശദീകരണം നല്‍കിയിരുന്നു. ഇവ രണ്ടും ഇ.പി.ഡബ്ല്യു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. സമീക്ഷ ട്രസ്റ്റില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങാതെ ഇതു പ്രസിദ്ധീകരിച്ചത് നിരുത്തരവാദവും വിശ്വാസ വഞ്ചനയുമാണെന്നായിരുന്നു ട്രസ്റ്റിന്റെ നിലപാട്.

തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്ക് താന്‍ മാപ്പു ചോദിച്ചു. എന്നാല്‍ ഇതിനു പിന്നാലെ ലേഖനം വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. അതിനു കാരണമാരാഞ്ഞെങ്കിലും വിശദീകരണമൊന്നും ലഭിച്ചില്ലെന്നും തകുര്‍ത്ത പറയുന്നു.

‘അദാനി ആര്‍ട്ടിക്കിള്‍ നീക്കം ചെയ്യുന്നതുവരെ മുറി വിട്ടുപോകാന്‍ കഴിയില്ല എന്നാണ് അവര്‍ പറഞ്ഞത്.’ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

അവര്‍ക്ക് എന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും സമീക്ഷ ട്രസ്റ്റ് അംഗങ്ങള്‍ പറഞ്ഞു. ഇതിനു പുറമേ എഡിറ്റര്‍മാര്‍ ട്രസ്റ്റുമായി എങ്ങനെ ഇടപെടണമെന്നതു സംബന്ധിച്ച് നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാനും യോഗം തീരുമാനിച്ചു. കൂടാതെ സമീക്ഷ ട്രസ്റ്റിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇനി എന്റെ പേരില്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നും അവര്‍ നിഷ്‌കര്‍ഷിച്ചെന്ന് തകുര്‍ത്ത പറയുന്നു.

‘ഇതോടെ ഞാന്‍ അവരോട് ഒരു കഷണം കടലാസിന് ആവശ്യപ്പെടുകയും രാജിയെഴുതി നല്‍കുകയും ചെയ്തു.’ അദ്ദേഹം പറയുന്നു.

തന്റെ തന്റെ ഭാഗം വിശദീകരിക്കാനുള്ള സമയം യോഗം നല്‍കിയില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. 45 മിനിറ്റു മാത്രമാണ് യോഗം നടന്നത്. അതില്‍ തന്നെ തനിക്കു സംസാരിക്കാന്‍ വളരെക്കുറച്ചു സമയമേ നല്‍കിയുള്ളൂ. തനിക്കു പല കാര്യങ്ങളിലും കൃത്യമായ വിശദീകരണം നല്‍കാനുണ്ടായിരുന്നു. എന്നാല്‍ അതിനുള്ള അവസരം ലഭിച്ചില്ല.

അപകീര്‍ത്തി കേസിന്റെ കാര്യത്തില്‍ അതിനെ കോടതിയില്‍ പ്രതിരോധിക്കാന്‍ കഴിയുമെന്ന ഉറപ്പുണ്ടായിരുന്നു. ‘ഞാനെഴുതിയതില്‍ ഒരുവാക്കുപോലും വസ്തുതാവിരുദ്ധമായി ഇല്ല എന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു.’ അദ്ദേഹം പറയുന്നു.

സമീക്ഷാ ട്രസ്റ്റ് ചെയര്‍മാന്‍ പ്രഫസര്‍ ദീപക് നായര്‍, മാനേജിങ് ട്രസ്റ്റി പ്രഫസര്‍ ടി.എന്‍ ഘോഷ്, ട്രസ്റ്റികളായ റോമില ഥാപ്പര്‍, രാജീവ് ഭാര്‍ഗവന്‍, ദിപംഗല്‍ ഗുപ്ത, ശാന്തി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.

Advertisement