കോട്ടയം: പാറാമ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു.

ഹൈക്കോടതിയുടെ അനുമതിയോടെ മാത്രമേ വധശിക്ഷ നടപ്പാക്കാനാകൂ എന്നും കോടതി പറഞ്ഞു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പരമാവധി ശിക്ഷ നല്‍കുന്നതെന്നും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പറഞ്ഞു.

2015 മേയ് 16ന് അര്‍ധരാത്രി പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി(62), മകന്‍ പ്രവീണ്‍ ലാല്‍(28) എന്നിവരെ ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാര്‍(27) കൊലപ്പെടുത്തിയെന്നാണ് കേസ്.


Dont Miss അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ല; എം.എം മണിക്ക് മറുപടിയുമായി സി.പി.ഐ 


ഇവര്‍ നടത്തിയിരുന്ന അലക്കുകമ്പനിയിലെ ജീവനക്കാരനായിരുന്നു നരേന്ദ്രകുമാര്‍. തന്റെ പേരും നാടുമെല്ലാം തെറ്റായി നല്‍കിയും വ്യാജതിരിച്ചറിയല്‍ രേഖകള്‍ കാണിച്ചുമാണ് നരേന്ദ്രന്‍ പാറമ്പുഴയിലെ ലാല്‍സണിന്റെ ഡ്രൈക്‌ളീനിംഗ് സ്ഥാപനത്തില്‍ ജോലി സംഘടിപ്പിച്ചത്.

കൊല നടത്തി നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതിയെ ഒരാഴ്ചക്കുള്ളില്‍ പൊലീസ് പിടിച്ചിരുന്നു.