ന്യൂദല്‍ഹി: പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ സുപ്രീം കോടതിയെ സമീപിക്കാനുള്ള കേരളസര്‍ക്കാരിന്റെ തീരുമാനം ഗുണകരമാകില്ലെന്ന് നിയമോപദേശം.

തമിഴ്‌നാട്ടില്‍ നിന്നും അര്‍ഹതയുള്ള അളവില്‍ ജലം വിട്ടുകിട്ടാത്തതിനാല്‍ കടുത്ത വരള്‍ച്ചയും ജലക്ഷാമവും സംസ്ഥാനത്ത് നേരിട്ടുകൊണ്ടിരിക്കുകയാണ്.

Ads By Google

ഈ സാഹചര്യത്തില്‍ തമിഴ്‌നാടിന്റെ നിയമലംഘനം ചൂണ്ടികാട്ടി സുപ്രീംകോടതിയെ സമീപിക്കാനാണ് മന്ത്രി സഭ തീരുമാനിച്ചിരുന്നത്.

എന്നാല്‍ ഈ നീക്കം വേണ്ടെന്നാണ് അഡ്വ.മോഹന്‍ കട്ടാര്‍ക്കിയുടെ നിയമോപദേശം. നിയമപരമായ സാധ്യതകള്‍ ഇല്ലാത്ത അവസ്ഥയില്‍ കേന്ദ്രസര്‍ക്കാരിനെ വരെ ഉള്‍പ്പെടുത്തിയുള്ള രാഷ്ട്രീയ സമ്മര്‍ദ്ദം മാത്രമാണ് കേരളത്തിനു മുന്നിലുള്ളത്.

പറമ്പിക്കുളം ആളിയാര്‍ പദ്ധതിയില്‍ നിന്നും ജലം വിട്ടുകിട്ടാത്തതിനാല്‍ പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകള്‍ ദുരിതത്തിലായിരിക്കുകയാണ്.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിലിടപ്പെടാനെടുത്ത കാലതാമസം പറമ്പിക്കുളം ആളിയാര്‍ വിഷയത്തില്‍ ഉണ്ടാകരുതെന്ന് ജനങ്ങള്‍ പ്രതിനിധികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതുവരെ ഈ വിഷയത്തില്‍ തമിഴ്‌നാടുമായി മന്ത്രിതല ചര്‍ച്ച നടത്തുന്നതിന് യാതൊരുവിധ ഇടപെടലും നടന്നിട്ടില്ല. കരാര്‍ പ്രകാരം ജനുവരി 31 വരെ 5.6 ടി.എം.സി വെള്ളമാണ് കേരളത്തിന് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത് നല്‍കാന്‍ തമിഴ്‌നാട് തയ്യാറാകാത്തതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നത്.