എഡിറ്റര്‍
എഡിറ്റര്‍
പാലക്കാട് ബി.ജെ.പിയില്‍ കലഹം: ‘താമര’പ്പേരില്‍ സമാന്തര സംഘടന തുടങ്ങാന്‍ നീക്കം
എഡിറ്റര്‍
Friday 15th November 2013 7:30am

b.j.1

പാലക്കാട്: പാലക്കാട് ജില്ലയില്‍ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത രൂക്ഷം. ലോട്ടസ് എന്ന പേരില്‍ സമാന്തരപ്രവര്‍ത്തനത്തിന് പുതിയ സംഘടന തുടങ്ങാന്‍ നീക്കം.

നേതൃത്വത്തോട് അഭിപ്രായഭിന്നതയുള്ളവരുടെ രഹസ്യയോഗത്തിലാണ് പാര്‍ട്ടിചിഹ്നം പേരാക്കി സംഘടന തുടങ്ങാന്‍ തീരുമാനമുണ്ടായത്.

സംസ്ഥാനത്തെ സ്വാധീന ജില്ലകളിലൊന്നായി ബി.ജെ.പി കണക്കാക്കുന്ന ജില്ലയാണ് പാലക്കാട്.

രണ്ട് സംസ്ഥാന സമിതി അംഗങ്ങള്‍ അടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 30 പേര്‍ സംബന്ധിച്ച യോഗത്തിലുണ്ടായ തീരുമാനത്തിന് സംസ്ഥാന നേതാക്കളില്‍ ചിലരുടെ പിന്തുണയുണ്ടെന്നാണ് സൂചന.

ഡിസംബര്‍ ആദ്യ ആഴ്ച്ചയോടെ ലോട്ടസിന്റെ ഉദ്ഘാടനം നടത്താനാണ് തീരുമാനം.

പാര്‍ട്ടി സ്ഥാനമേഖലകളില്‍ നിന്ന് പലരും കൊഴിഞ്ഞു പോകുന്ന സാഹചര്യത്തിലും സ്വന്തം താല്‍പ്പര്യത്തിനപ്പുറം മറ്റൊന്നുമില്ലെന്ന മട്ടിലുള്ള ജില്ലാ നേതൃത്വത്തിന്റെ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് സമാന്തര സംഘടനക്ക് രൂപം നല്‍കാന്‍ തീരുമാനമായത്.

പാര്‍ട്ടിപ്രവര്‍ത്തകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് പകരം ഏകാധിപത്യ മനോഭാവമുള്ള നേതൃത്വത്തിന്റെ നിലപാടാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്.

സംഘടനാവിരുദ്ധ പ്രവര്‍ത്തനം, വിമതനീക്കം എന്നിങ്ങനെയുള്ള പഴികള്‍ ഇല്ലാതിരിക്കാന്‍ പാര്‍ട്ടിയില്‍ തുടര്‍ന്നുകൊണ്ട് തന്നെനേതൃത്വത്തിനെതിരെ പോരാട്ടം സംഘടിപ്പിക്കാനാണ് യോഗത്തില്‍ തീരുമാനമായത്.

പാലക്കാട് നിന്ന് ആരംഭിക്കുന്ന ഈ സമാന്തരപ്രവര്‍ത്തനം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യവും ഉണ്ട്. കൂടുതല്‍ വിപുലമാക്കാന്‍ നവംബര്‍ 28 ന് രണ്ടാം ഘട്ട യോഗം നടത്തി വിപുലമായ കണ്‍വെന്‍ഷന്‍ നടത്താനും തീരുമാനമുണ്ട്.

അതേസമയം ലോട്ടസ് എന്ന പേരില്‍ രൂപീകരിക്കുന്ന സമാന്തരസംഘടന ഒരു വിധത്തിലും വിമത നീക്കമല്ലെന്ന് മുന്‍ നഗരസഭാ ചെയര്‍മാന്‍ കൂടിയായ ആര്‍.എസ് ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു. സമാന്തരപ്രവര്‍ത്തനത്തെപ്പറ്റി നേതൃത്വത്തിന് അറിവില്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് സി.കൃഷ്ണകുമാര്‍ വ്യക്തമാക്കി.

സംസ്ഥാനസമിതി അംഗങ്ങളായ എസ്.ആര്‍ ബാലസുബ്രഹ്മണ്യന്‍, കെ.ശ്രീധരന്‍, നഗരസഭാ കൗണ്‍സിലര്‍ വി.നടേശന്‍, മുന്‍ കൗണ്‍സിലര്‍ സാബു, സംസ്ഥാന സമിതി ഭാരവാഹി ഒ.പി വാസുദേവനുണ്ണി എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്.

അടുത്ത യോഗത്തില്‍ ഒ.രാജഗോപാലിനെ പങ്കെടുപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

Advertisement