തൃശൂര്‍: അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്ത് ഇടതുമുന്നണി വിപുലീകരിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. [innerad]

ഇടതു മുന്നണി വിപുലീകരിക്കുന്നതിനെ സംബന്ധിച്ച് അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ളവര്‍ക്ക് മുന്നണിയിലേക്ക് വരാം.

അടുത്ത എല്‍.ഡി.എഫ് യോഗത്തില്‍ സി.എം.പിയെ മുന്നണിയിലെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും പന്ന്യന്‍ വ്യക്തമാക്കി.

എന്നാല്‍ സി.പി.ഐഎമ്മിലെ വിഭാഗീയത മറച്ചുവയ്ക്കാനുള്ള രാഷ്ട്രീയ അടവാണ് മുന്നണി മാറ്റ ചര്‍ച്ചകള്‍ എന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.

ഇടത് മുന്നണി ദുര്‍ബലമായതുകൊണ്ടാണ് കൂറുമാറ്റത്തിനും കാലുമാറ്റത്തിനും ശ്രമിക്കുന്നത്. എല്ലാ മുന്നണിയിലും ഘടകകക്ഷികള്‍ എപ്പോഴും തൃപ്തരാകണമെന്നില്ലെന്നും  ചെന്നിത്തല പറഞ്ഞു.

ഇടതുമുന്നണിയില്‍ നിന്ന് മടങ്ങിപോയവര്‍ മടങ്ങി വരുന്നതിനോട് തുറന്ന സമീപനമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇന്നലെ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ഇടതുമുന്നണിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സി.എം.പി നേതാവ് എം.വി രാഘവനും വ്യക്തമാക്കി.ലയനത്തിലൂടെ അല്ലാതെ ഇടതുപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം. ഇടതു പാര്‍ട്ടികളുടെ എല്ലാം നയങ്ങള്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ സി.എം.പി യുഡിഎഫ് ഘടകകക്ഷിയാണ്. കേരള ഫിനാന്‍സ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യുഡിഎഫുമായി എതിരഭിപ്രായം പരസ്യമായി സിഎംപി പ്രകടിപ്പിച്ചിരുന്നു.

അതേസമയം ഇടതുമുന്നണിയുമായി യോജിപ്പ് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന എം.വി രാഘവന്റെ പ്രസ്താവന സി.പി.ഐ.എം ചര്‍ച്ച ചെയ്യുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.