തിരുവനന്തപുരം: ഭൂസമരത്തില്‍ സി.പി.ഐ.എം തിരുത്തലിന് തയ്യാറാകണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടരി പന്ന്യന്‍ രവീന്ദ്രന്‍. മിച്ചഭൂമി സമരത്തിലെ അവകാശ വാദം സി.പി.ഐ.എം ഉപേക്ഷിക്കണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു.

Ads By Google

Subscribe Us:

സി.പി.ഐ.എം വിട്ടുപോയവര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരണമെന്നാണ് തന്റെ അഭിപ്രായം. അങ്ങനെ മുന്നണിയിലേക്ക് തിരിച്ചുവരുന്നതില്‍ ആര്‍ക്കും ബേജാറ് വേണ്ടെന്നും പന്ന്യന്‍ പറഞ്ഞു. ഇന്ത്യാവിഷന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്നണിയുടെ അടിത്തറ വികസിപ്പിക്കേണ്ടതുണ്ട്. അത് കൂട്ടായിനിന്നാല്‍ മാത്രമേ സാധ്യമാകുകയുള്ളൂ. കൂടെയുള്ളവര്‍ പോയാല്‍ പിന്നെ പാര്‍ട്ടിയുടെ അടിത്തറ എങ്ങനെ വികസിക്കുമെന്നും പന്ന്യന്‍ ചോദിക്കുന്നു.

സി.പി.ഐ വിട്ടവര്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നാല്‍ ഞങ്ങള്‍ എതിര്‍ക്കില്ല. പുറത്തുപോയവരെ എതിരാളികളായി കാണേണ്ടതില്ലെന്നും പന്ന്യന്‍ പറയുന്നു.

അതേസമയം മുഖ്യമന്ത്രിക്ക് അധികാരത്തിന്റെ മത്താണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പണിമുടക്ക് നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വേച്ഛാധിപത്യപരമാണ്.

ജീവനക്കാരെ ഈച്ചയെന്ന് വിളിച്ചത് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സ്വയം അവഹേളിതനാകാന്‍ ഇനി താനില്ലെന്ന് മുഖ്യമന്ത്രി ഇന്ന് രാവിലെ പറഞ്ഞിരുന്നു. ഇനി സമരക്കാര്‍ക്ക് തോന്നുമ്പോള്‍ ഇങ്ങോട്ട് വരട്ടെയെന്നും അപ്പോള്‍ അഭിപ്രായം വ്യക്തമാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.