എഡിറ്റര്‍
എഡിറ്റര്‍
കൊലയാളിയുടെ മനോഗതിയാണ് മണിയ്ക്ക്: പന്ന്യന്‍ രവീന്ദ്രന്‍
എഡിറ്റര്‍
Sunday 3rd June 2012 12:15pm

കോഴിക്കോട്: ഇടുക്കിയിലെ വിവാദ പ്രസംഗത്തില്‍ എം.എം മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.
ഇടുക്കിയില്‍ മണി നടത്തിയത് കൊലവിളിയാണെന്നും കൊലയാളിയുടെ മനോഗതിയാണ് മണിയ്‌ക്കെന്നും നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പായതിനാലാണ് പ്രതികരിക്കാതിരുന്നതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ ഇടതുപക്ഷ പ്രവര്‍ത്തകരുടെ മുഖത്ത് കരിവാരിത്തേക്കുന്ന പരാമര്‍ശമാണ് മണി നടത്തിയത്. സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് ഇടുക്കിയില്‍ സി.പി.എമ്മില്‍ നിന്ന് നിരവധി ആക്രമണങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്.

ഇതിന്റെയെല്ലാം പിന്നില്‍ മണിക്ക് പങ്കുണ്ട് എന്നു ഞങ്ങള്‍ക്കറിയാം. അതിനെ ഞങ്ങള്‍ കാര്യമാക്കിയിട്ടില്ല. എന്നാല്‍ എതിരാളികളെ ലിസ്റ്റ് ചെയ്ത് കൊലപ്പെടുത്തിയെന്ന പ്രസ്താവന കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് രാജ്യത്ത് അപമാനം സൃഷ്ടിച്ചു.

കൊലയാളിയുടെ മാനസിക നിലയോടെ മനസ്സില്‍ തികട്ടിവരുന്നത് വിളിച്ചുപറയുകയാണ് മണി ചെയ്തത്. മണിക്കെതിരെ സി.പി.ഐ.എം ഉടന്‍ നടപടി സ്വീകരിക്കേണ്ടിയിരുന്നു. സി.പി.ഐയാണെങ്കില്‍ ഉടന്‍ നടപടി വരുമായിരുന്നു. മണിയെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയില്ല.

നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജ് കാലുമാറ്റക്കാരനാണെന്ന നിലപാട് മുന്നണിക്ക് മണ്ഡലത്തില്‍ നല്ല സ്വാധീനം നലകിയിരുന്നു. എന്നാല്‍ ടി.പി ചന്ദ്രശേഖരന്‍ വധം ഇതിനു മങ്ങലേല്‍പ്പിച്ചു. പിന്നാലെ മണി നടത്തിയ പരാമര്‍ശങ്ങള്‍ മുന്നണിയുടെ വിജയപ്രതീക്ഷ തകിടം മറിച്ചു.

വി.എസ് ടി.പിയുടെ വീട്ടില്‍ പോയത് ശരിയായ കാര്യമാണ്. ജനങ്ങളുടെ മനസ്സില്‍ സ്ഥാനമുള്ള പ്രതിപക്ഷ നേതാവാണദ്ദേഹം. അദ്ദേഹം ഒരിക്കലും ഇടതുപക്ഷ പ്രസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയിട്ടില്ല. ഒരു പൊതുപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടാല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നതില്‍ തെറ്റു പറയാന്‍ കഴിയില്ല. എന്നാല്‍ അതിനെ മണി വിമര്‍ശിച്ചത് തരം താഴ്ന്ന രീതിയിലാണ്.

ടി.പി വധക്കേസില്‍ അന്വേഷണം അതിന്റെ നിലയ്ക്ക് പോകട്ടെയെന്നാണ് സി.പി.ഐയുടെ നിലപാട്. അന്വേഷണത്തില്‍ പ്രതികളെ പിടികൂടുന്നതില്‍ കാലതാമസം വന്നിട്ടുണ്ട്. കൊലപാതക രാഷ്ട്രീയത്തെ തങ്ങള്‍ എതിര്‍ക്കുന്നെന്നും പന്ന്യന്‍ വ്യക്തമാക്കി.


Advertisement