കാസര്‍ഗോഡ്: സംസ്ഥാനത്ത് നടന്ന സ്ത്രീപീഡനക്കേസുകളില്‍ പ്രതിയായവര്‍ക്ക് സംരക്ഷണം നല്‍കുന്ന സമീപനമാണ് സര്‍ക്കാരിനുള്ളതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.

Ads By Google

സൂര്യനെല്ലി, ഐസ്‌ക്രീം ഉള്‍പ്പെടെയുള്ള പീഡനക്കേസുകളിലെ പ്രതികളെ യു.ഡി.എഫ് സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്.  കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പ്രതിനിധി സമ്മേളനം കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സൂര്യനെല്ലി സംഭവം നടന്നിട്ടു പതിനേഴ് വര്‍ഷം കഴിഞ്ഞുവെന്ന് പറഞ്ഞു പ്രശ്‌നത്തില്‍നിന്നു തലയൂരാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. സ്ത്രീപീഡകരെ സംരക്ഷിക്കുന്ന ഭരണവര്‍ഗമാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീസുരക്ഷ ഉറപ്പുവരുത്തണമെന്ന് ഉറക്കെ വിളിച്ചുപറയുമ്പോഴും അവരെ പീഡിപ്പിച്ച പീഡനവീരന്‍മാരാണ് സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്നത്. ഇവര്‍ക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ മുഖ്യമന്ത്രി ധൈര്യപ്പെടുന്നില്ലെന്നും പന്ന്യന്‍ കുറ്റപ്പെടുത്തി.

ഹൈടെക് കള്ളനായ ബണ്ടി ചോറിനും പീഡനക്കാര്‍ക്കും സല്യൂട്ട് ചെയ്യുന്ന പോലീസ് സമാധാനപരമായി പ്രതിഷേധിച്ച ജനപ്രതിനിധികളെയും പെണ്‍കുട്ടികളേയും വലിച്ചിഴച്ചത് ശരിയാണോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.