എഡിറ്റര്‍
എഡിറ്റര്‍
പന്ന്യന്‍ രവീന്ദ്രന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി
എഡിറ്റര്‍
Tuesday 10th April 2012 12:44am

തിരുവനന്തപുരം: സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി മുന്‍ എം.പിയും സി.പി.ഐ. ദേശീയ സെക്രട്ടറിയേറ്റ് അംഗവുമായ പന്ന്യന്‍ രവീന്ദ്രനെ തിരഞ്ഞെടുത്തു. കാനം രാജേന്ദ്രന്റെയും സി. ദിവാകരന്റെയും പേരുകള്‍ ഉന്നയിച്ച് നേതാക്കള്‍ ചേരിതിരിഞ്ഞതോടെയാണ് സമവായം എന്ന നിലയില്‍ പന്ന്യന്‍ രവീന്ദ്രനെ സെക്രട്ടറിയാക്കിയത്.

സി.എന്‍.ചന്ദ്രന്‍, പ്രകാശ് ബാബു എന്നിവരാണ് അസി. സെക്രട്ടറിമാര്‍. രാവിലെ മുതല്‍ എം.എന്‍. സ്മാരകത്തില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അഭിപ്രായ ഭിന്നതകള്‍ക്കും ശേഷമാണ് പന്ന്യന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.

സി. ദിവാകരനെ സെക്രട്ടറിയാക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയുടെ സാന്നിധ്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റും എക്‌സിക്യുട്ടീവും നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം തള്ളിയ സംസ്ഥാന കൗണ്‍സില്‍ യോഗം കാനം രാജേന്ദ്രനെ സെക്രട്ടറിയാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതിനിടെ ചില അംഗങ്ങള്‍ കെ.ഇ.ഇസ്മയിലിനെ പിന്തുണച്ച് രംഗത്തെത്തിയത് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി. തുടര്‍ന്നാണ് ഒത്തുതീര്‍പ്പെന്ന നിലയില്‍ പന്ന്യന്‍ രവീന്ദ്രന്റെ പേര് മുന്നോട്ടുവച്ചത്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, മുന്‍ ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദന്‍, ഡി.രാജ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

സി.കെ.ചന്ദ്രപ്പന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന സാഹചര്യത്തിലാണ് പുതിയ സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുത്തത്. ദേശീയ സെക്രട്ടറിയേറ്റ് അംഗമായ ഒരാള്‍ സംസ്ഥാന സെക്രട്ടറിയാകുന്ന പതിവ് സി.പി.ഐയില്‍ പൊതുവെ ഇല്ലെങ്കിലും നേതാവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിലുണ്ടായ അഭിപ്രായ ഭിന്നതകള്‍ ലളിത ജീവിതത്തിന്റേയും ജനകീയതയുടേയും പേരില്‍ അറിയപ്പെടുന്ന പന്ന്യനിലേക്ക് ഒടുവില്‍ സെക്രട്ടറി പദമായി എത്തുകയായിരുന്നു.

Advertisement