കോഴിക്കോട്: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് മോട്ടോര്‍ തൊഴിലാളി ട്രേഡ് യൂണിയനുകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങി. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് കടകളും അടച്ചതോടെ സംസ്ഥാനത്ത് ഹര്‍ത്താലിന്റെ പ്രതീതിയാണ്. ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ കെ എസ് ആര്‍ ടി സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ കെ എസ് ആര്‍ ടി സിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ പണിമുടക്കില്ല. കാട്ടാക്കടയില്‍ കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തിയ കെ എസ് ആര്‍ ടി സി ബസ്സിന് നേരെ രാവിലെ കല്ലേറുണ്ടായി.

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് സമരം. സ്വകാര്യബസ്സുകള്‍, ഓട്ടോറിക്ഷകള്‍, ടാക്‌സി, ചരക്കുവാഹനങ്ങള്‍ എന്നിവയാണ് സമരത്തിലുള്ളത്. സി പി എം ആഭിമുഖ്യമുള്ള വ്യാപാരി വ്യവസായി സമിതിയും സമരം പ്രഖ്യാപിച്ചത്. കടകളടക്കാന്‍ ആഹ്വാനമില്ലെന്ന് ഏകോപനസമിതി പ്രസിഡണ്ട് ടി നസിറുദ്ദീന്‍ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഭൂരിപക്ഷം കടകളും അടഞ്ഞ് കിടക്കുകയാണ്.

ഇന്ന് നടത്താനിരുന്ന പി എസ് സി. പരീക്ഷകളും കേരള, മഹാത്മാഗാന്ധി, കലിക്കട്ട് സര്‍വകലാശാല തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളുംമാറ്റിവെച്ചിട്ടുണ്ട്. എട്ട്, ഒമ്പത് ക്ലാസുകളിലെ വാര്‍ഷികപരീക്ഷകള്‍ ശനിയാഴ്ചത്തേക്ക് മാറ്റിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകളും മാറ്റിയതായി ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.

സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ എന്നിവര്‍ സമരത്തിന് സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ബി ജെ പി യും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഐ എന്‍ ടി യു സി യും പങ്കെടുക്കുമെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി കെ സി രാമചന്ദ്രന്‍ അറിയിച്ചിരുന്നു.