എഡിറ്റര്‍
എഡിറ്റര്‍
പന്തിരിക്കര പെണ്‍വാണിഭം: ആക്ഷന്‍ കമ്മറ്റിയില്‍ നിന്ന് പാര്‍ട്ടികള്‍ പിന്‍വാങ്ങി
എഡിറ്റര്‍
Wednesday 20th November 2013 9:05am

women

പേരാമ്പ്ര: പന്തിരിക്കര പെണ്‍വാണിഭക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടി ശ്രമിക്കുകയാണെന്ന് ആരോപണം. പന്തിരിക്കരയില്‍ രൂപവത്കരിച്ച ആക്ഷന്‍ കമ്മറ്റിയില്‍ നിന്ന് എല്‍.ഡി.എഫ്, എസ്.ഡി.പി.ഐ, ഐ.എന്‍.എല്‍ വെല്‍ഫെയര്‍ എന്നീ  പാര്‍ട്ടികള്‍ ഇറങ്ങിപ്പോയി അന്വേഷണ നിയമസഹായ സമിതി രൂപീകരിച്ചു.

പീഡനവിവരം പുറത്ത് വന്ന് രണ്ട് ദിവസത്തിനകം ഇടനിലക്കാരിയെ പൊലീസ് അറസ്‌ററ് ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ ഇവരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍  വാങ്ങിയിട്ടില്ല.

ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് വിദേശത്ത് നിന്ന് വരുത്തിയ മൂന്ന് പേരില്‍ ഒരാളെ ജാമ്യത്തില്‍ വിട്ടയച്ചു.

ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ പിതാവ് നല്‍കിയ പരാതിയില്‍ മകളെ പ്രണയം നടിച്ച് പീഡിപ്പിച്ചതും ഭീഷണിപ്പെടുത്തി കൂട്ടുകാര്‍ക്ക് കാഴ്ച വെച്ചതും സാജിദാണെന്ന് പറയുന്നുണ്ട്.  എന്നാല്‍ ഹൈക്കോടതി അഭിഭാഷകന്‍ മുഖേന അന്വേഷണസംഘത്തിന് മുന്നില്‍ കീഴടങ്ങിയ സാജിദിനെ പൊലീസ് വിട്ടയയ്ക്കുകയായിരുന്നു.

ഇതെല്ലാം അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങളാണെന്ന്  അന്വേഷണ നിയമസഹായ സമിതി ഭാരവാഹികള്‍ ആരോപിച്ചു. പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി പെരിങ്ങത്തൂരില്‍ മറ്റൊരു വിദ്യാര്‍ത്ഥിനിയും പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യവും അന്വേഷണ പരിധിയില്‍ കൊണ്ടുവരണം.

പന്തിരിക്കര ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ഇരുപതോളം കുട്ടികള്‍ സെക്‌സ് റാക്കറ്റിന്റെ ഇരകളായിട്ടുണ്ട്. ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന വാര്‍ത്ത കേസ് അട്ടിമറിക്കാനാണെന്നും ഭാരവാഹികള്‍ ആരോപിച്ചു.

26-ന് പന്തിരിക്കരയില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

കേസന്വേഷണത്തില്‍ പൊലീസിന് ഗുരുതരവീഴ്ച പറ്റിയിട്ടുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിരീക്ഷിച്ചു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. ലൈംഗികചൂഷണം നടന്നതായി വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും പൊലീസ് ഇത് കാര്യമാക്കിയില്ല. ഇതാണ് പ്രതികള്‍ക്ക് രക്ഷപെടാനും തെളിവ് നശിപ്പിക്കാനും അവസരം നല്‍കിയത്.

പൊലീസ് യഥാസമയം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പ്രതികളെ നിയമത്തിന് മുമ്പിലെത്തിച്ച് കര്‍ശന ശിക്ഷ നല്‍കാമായിരുന്നു.

വ്യാജവാഗ്ദാനങ്ങള്‍ നല്‍കി പെണ്‍കുട്ടികളെ സെക്‌സ് റാക്കറ്റിലേയ്ക്ക് എത്തിക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് ശേഷമാണ് പൊലീസ് അന്വേഷണമാരംഭിച്ചതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാന ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കണമെന്നും കമ്മീഷനംഗം കെ.ഇ ഗംഗാധരന്‍ ഉത്തരവിട്ടു.

Advertisement