തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പില്‍ പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവിനെചൊല്ലി വിവാദം. ഡ്യൂട്ടിസ്്ഥലങ്ങളും ബൂത്തുകളും രേഖപ്പെടുത്തുന്നതില്‍ ഏര്‍പ്പെടുത്തിയ പുതിയപരഷ്‌കാരങ്ങളാണ് വിവാദമായത്. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാരാല്‍ സ്വാധീനിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ഡ്യൂട്ടിസ്ഥലം മുന്‍കൂട്ടി അറിയിക്കാറുണ്ടായിരുന്നില്ല.

എന്നാല്‍ ഇത്തവണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ അപ്പോയിന്റ് ഓര്‍ഡറില്‍ ജോലിചെയ്യേണ്ട പഞ്ചായത്ത്, വാര്‍ഡ്, വോട്ടിങ് നടക്കുന്ന സ്‌ക്കൂള്‍ അല്ലെങ്കില്‍ കോളേജ്, ബൂത്ത് ,പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍മാര്‍, മറ്റ് പോളിങ് ഓഫീസര്‍്മാര്‍ എന്നിവരുടെ പേരുകള്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇത്തരം വിവരങ്ങള്‍ പുറത്താവുന്നതോടെ പോളിങ് ജോലിക്കെത്തുന്നവരെ രാഷ്ട്രീയക്കാര്‍ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ഉള്ള സാധ്യതകൂടുതലാണ്. രാഷ്ടീയനിലപാടുകള്‍ ഉള്ള ഉദ്യോഗസ്ഥരാണ് നിയോഗിക്കപ്പെടുന്നതെങ്കില്‍ ഇതിനുള്ള സാധ്യതയേറും.

പോളിങ് നടപടികള്‍ കുറ്റമറ്റതാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച പരിഷ്‌കാരങ്ങളുടെ ഭാഗമാണിതെന്നാണ് ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ പറഞ്ഞത്. എന്നാല്‍ പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങുന്നതുവരെ രഹസ്യമാക്കിവെക്കേണ്ട വിവരങ്ങള്‍ പുറത്താവുന്നത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് വിവരങ്ങള്‍.