കൊച്ചി: പാനായികുളത്തെ സിമി ക്യാമ്പുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പതിനേഴാം പ്രതി പിടിയിലായി. ആലുവ സ്വദേശി നിസാര്‍ ഇബ്രാഹിമാണ് പിടിയിലായത്. ഇയാള്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി ഷാര്‍ജയില്‍ ഒളിവിലായിരുന്നു.

കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി ഇയാള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഞായറാഴ്ച്ച കാലത്ത് നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ എമിഗ്രേഷന്‍ വിഭാഗം അറസ്റ്റ്‌ചെയ്തത്.

ലോക്കല്‍ പോലീസ് നേരത്തേ ഇബ്രാഹിമിനെ പിടികൂടിയിരുന്നെങ്കിലും വിട്ടയക്കുകയായിരുന്നു. എന്നാല്‍ എന്‍.ഐ.എ കേസ് ഏറ്റെടുത്തതോടെ ഇയാളെ വീണ്ടും പ്രതിചേര്‍ക്കുകയായിരുന്നു. 2006ല്‍ ആഗസ്റ്റ് പതിനഞ്ചിന് പാനായിക്കുളത്തെ സിമിയുടെ ആഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തുവെന്ന കുറ്റമാണ് ഇബ്രാഹിമിനെതിരേ ചുമത്തിയിരിക്കുന്നത്.