ബാംഗ്ലൂര്‍: അഞ്ച് ലക്ഷം രൂപയ്‌ക്കോ അതിനു മുകളിലോ സ്വര്‍ണ്ണം വാങ്ങുന്നതിന് വെള്ളിയാഴ്ച മുതല്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കി ഉത്തരവിറക്കി. സ്വര്‍ണ്ണ വിപണി ഉപയോഗപ്പെടുത്തി കള്ളപ്പണം പുറത്തിറക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇത് സംബന്ധിച്ച് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇപ്പോഴത്തെ വില നിലവാരമനുസരിച്ച് 30 പവന്‍ വാങ്ങുകയാണെങ്കില്‍ പാന്‍ കാര്‍ഡ് നല്‍കേണ്ടി വരും.

നല്ല ഉദ്ദേശ്യത്തോട് കൂടി കൊണ്ട്‌വന്നതാണെങ്കിലും വിവാഹാവശ്യത്തിനും മറ്റും സ്വര്‍ണ്ണം വാങ്ങേണ്ടിവരുന്ന സാധാരണക്കാരെയും ഇടത്തരക്കാരെയും വ്യവസ്ഥ ബാധിച്ചേക്കും. എന്നാല്‍ ഇത്രയും തുക ഒരു ബില്ലില്‍ കാണിച്ചാല്‍ മാത്രമേ വ്യവസ്ഥ നിര്‍ബന്ധമാകുന്നൊള്ളുവെന്ന് സ്വര്‍ണ്ണ വ്യാപാരികള്‍ പറയുന്നു. വ്യത്യസ്ത ബില്ലുകളിലായി നല്‍കുകയാണെങ്കില്‍ വ്യവസ്ഥ മറികയക്കാനാവുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഒരുമിച്ച് സ്വര്‍ണ്ണം വാങ്ങാതെ രണ്ടോ മൂന്നോ ദിവസങ്ങളില്‍ വാങ്ങിയാലും വ്യവസ്ഥ മറികടക്കാനാവും.