തിരുവനന്തപ്പുരം: പാമൊലിന്‍ കേസില്‍ തുടരന്വേഷണ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസിലെ അഞ്ചാം പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ജിജി തോംസണ്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് തുടരന്വേഷണ ഉത്തരവ് താല്‍ക്കാലികമായി സ്‌റ്റേ ചെയ്തത്. കേസില്‍ അടുത്ത മാസം 17ന് വിശദമായി വാദം കേള്‍ക്കും. അതുവരെയാണ് സ്‌റ്റേ.

തുടരന്വേഷണം റദ്ദാക്കണമെന്ന ഹരജിക്കാരന്റെ ആവശ്യം സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തില്ല. വിജിലന്‍സ് കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കാന്‍ നിര്‍ദേശിക്കുന്നതായിരുന്നു തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. വിജിലന്‍സ് കോടതി നടപടിക്കെതിരെ അപ്പീല്‍ പോകില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. എന്നാല്‍ കേസ് നടപടികള്‍ നീളുന്നത് തന്റെ ഔദ്യോഗിക ജീവിതത്തെ ബാധിക്കുന്നുണ്ടെന്ന് കാണിച്ച് ജിജി തോംസണ്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

അതേസമയം ജിജി തോംസണ്‍ അപ്പീല്‍ ഹരജി നല്‍കിയത് ഉമ്മന്‍ചാണ്ടിക്ക്് വേണ്ടിയാണെന്ന് ആരോപണമുണ്ട്. നേരത്തെ തുടരന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ജഡ്ജിക്കെതിരെ പി.സി ജോര്‍ജ്ജ് ആരോപണമുന്നയിച്ചിരുന്ന സാഹചര്യത്തിലായിരുന്നു ജഡ്ജിയുടെ പിന്‍മാറ്റം.

അതേസമയം ഹരജിയില്‍ വിശദീകരണമാവശ്യപ്പെട്ട് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ഇന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ മെയ് 13 ന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടും മറ്റും ഹാജരാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഈ കേസ് ഏറ്റവും കൂടുതല്‍ ബാധിച്ചത് എന്നെയാണ്. അത്‌കൊണ്ടാണ് ഞാന്‍ ഹരജി നല്‍കിയതെന്ന് ജിജി തോംസണ്‍ കോടതി ഉത്തരവിനോട് പ്രതികരിച്ചു. ജിജി തോംസണെ ഉമ്മന്‍ ചാണ്ടി ഉപയോഗിക്കുകയാണെന്ന് സി.പി.ഐ.എം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.