എഡിറ്റര്‍
എഡിറ്റര്‍
പള്‍സര്‍ സുനി ഹൈക്കോടതിയില്‍ മുന്‍ജാമ്യാപേക്ഷ നല്‍കി; കേസില്‍ കുടുക്കിയെന്നും താന്‍ നിരപരാധിയെന്നും സുനി
എഡിറ്റര്‍
Monday 20th February 2017 3:42pm

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മുഖ്യപ്രതി സുനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

താന്‍ നിരപരാധിയാണെന്നും കേസില്‍ മനപൂര്‍വം കുടുക്കിയെന്നമാണ് സുനി പറയുന്നത്. തനിക്ക് നീതി കിട്ടണമെന്നും സുനി ജാമ്യാപേക്ഷയില്‍ ആവശ്യപ്പെടുന്നു. സുനിയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. പിടിയിലാകാനുള്ള ജിജിഷും മണികണ്ഠനും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കാമെന്നും കോടതി പറയുന്ന എല്ലാ വ്യവസ്ഥകളും അംഗീകരിക്കാമെന്നും തനിക്കെതിരെ 376ാം വകുപ്പ് അനാവശ്യമായി ചുമത്തിയതാണെന്നും സുനിയുടെ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. സുനിയുടെ പാസ്‌പോര്‍ട്ടും മൊബൈലും കോടതിയില്‍ ഹാജരാക്കി. അഭിഭാഷകന്‍ മുഖേന ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇവ ഹാജരാക്കിയത്. സുനി ശനിയാഴ്ച രാത്രി തന്നെ ഇവ തനിക്ക് കൈമാറിയെന്നാണ് അഭിഭാഷകന്‍ പറയുന്നത്.

ഇന്ന് രാവിലെ പൊലീസിന്റെ കൈയില്‍ നിന്നും തലനാരിഴയ്ക്കാണ് ഡ്രൈവര്‍ സുനി രക്ഷപ്പെട്ടത്. ആലപ്പുഴയിലെ അമ്പലപ്പുഴയില്‍ നിന്നാണ് സുനി കൂട്ടാളിക്കൊപ്പം രക്ഷപ്പെട്ടത്. സുനി അവിടെയുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുന്നതിന്റെ തൊട്ടുമുന്‍പായിരുന്നു രക്ഷപ്പെടല്‍. സുനിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ സുനിയുടെ പങ്ക് അറിഞ്ഞ നിമിഷം മുതല്‍ ഇയാള്‍ക്കു വേണ്ടിയുളള അന്വേഷണം പൊലീസ് തുടങ്ങിയിരുന്നു. സംഭവം പുറത്തറിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ എറണാകുളം പനമ്പിളളി നഗര്‍ പരിസരത്തു സുനിയുണ്ടായിരുന്നെന്നാണു മൊബൈല്‍ ഫോണ്‍ വിവരങ്ങളില്‍നിന്നു പൊലീസിനു ലഭിച്ച വിവരം.


Dont Miss ‘ഒരു സ്ത്രീയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുമെന്നു പറഞ്ഞ താങ്കളല്ലേ സ്ത്രീത്വത്തിനുവേണ്ടി വാദിക്കുന്നത്: മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനുമുമ്പില്‍ ബ്ബ..ബ്ബ..ബ്ബ അടിച്ച് മേജര്‍ രവി 


പിന്നീട് ഓഫായ ഇയാളുടെ ഫോണ്‍ ഓണ്‍ ചെയ്യപ്പെട്ടിട്ടേയില്ല. കേസിലെ മറ്റു രണ്ടു പ്രതികളായ വിജേഷ്, മണികണ്ഠന്‍ എന്നിവര്‍ക്കൊപ്പം ഒരു വാഹനത്തിലാണു സുനി രക്ഷപ്പെട്ടതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊച്ചി സ്വദേശിയായ നെല്‍സണ്‍ എന്നയാള്‍ സംഘടിപ്പിച്ചു നല്‍കിയ ഓട്ടോറിക്ഷയിലായിരുന്നു ഈ യാത്ര. അമ്പലപ്പുഴ കാക്കാഴത്തെത്തിയ ഈ സംഘം. കാക്കാഴം സ്വദേശിയായ യുവാവില്‍നിന്നു പണം വാങ്ങി. ഈ പണവുമായാണു രക്ഷപ്പെട്ടത്. സുനി ഇവിടെയെത്തുമെന്ന് വിവരം ലഭിച്ച പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും സുനി അവിടെ നിന്നും രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു.

സുനിയുടെ അടുപ്പക്കാരായ ചില സ്ഥിരം കുറ്റവാളികളെ ചോദ്യം ചെയ്തതില്‍നിന്നു കേരളത്തില്‍ സുനി ഒളിവില്‍ കഴിയാന്‍ ഇടയുളള കേന്ദ്രങ്ങളെ കുറിച്ചു പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ അന്വേഷണം.

നെല്‍സണും സുനിക്ക് പണം നല്‍കി സഹായിച്ച അമ്പലപ്പുഴ കാക്കാഴം സ്വദേശിയായ യുവാവുമടക്കം ആറു പേര്‍ കൂടി കേസില്‍ പ്രതികളാകുമെന്നും പൊലീസ് അറിയിച്ചു. അതേസമയം േകസുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും.

നടിയെ തട്ടിക്കൊണ്ടു പോയി രണ്ടു ദിവസം പിന്നിടുമ്പോള്‍ സുനിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കേസില്‍ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ കക്കായം സ്വദേശി അന്‍വറിനെ ആലുവയിലെത്തിച്ചു ചോദ്യംചെയ്യുകയാണ്. അതേസമയം, സുനിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന്റെ പേരില്‍ കസ്റ്റഡിയിലായ മറ്റ് ആറു പേര്‍ കൂടി കേസില്‍ പ്രതികളാകും.

Advertisement