തിരുവനന്തപുരം: പാമോലിന്‍ കേസുമായി ബന്ധപ്പെട്ട് കോടതിയെ വെല്ലുവിളിച്ച് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി സ്വയം വിലകളയുകയാണെന്ന് വി.എസ് അച്യുതാനന്ദന്‍. കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടെന്ന് നിയമസഭയ്ക്ക് അകത്തും പുറത്തും താന്‍ പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കാതിരുന്നത് അന്വേഷണത്തില്‍ രാഷ്ട്രീയം കലര്‍ത്താത്തതിനാലാണെന്നും വി.എസ് പറഞ്ഞു.

പാമോലിന്‍ കേസില്‍ തനിക്കെതിരെ സര്‍ക്കാരിന്റെ കയ്യില്‍ യാതൊരു തെളിവുമില്ലെന്ന് ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. മതിയായ തെളിവുണ്ടായിരുന്നെങ്കില്‍ തന്നെ പ്രതിയാക്കി അന്വേഷണം നടത്താനുള്ള അനുമതിയായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടേണ്ടത്. തുടരന്വേഷണം നടത്താനായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ നാല് കാരണങ്ങളും പഴയതാണെന്നും ഉമ്മന്‍ചാണ്ടി വാദിച്ചിരുന്നു.