തിരുവനന്തപുരം: പാമോലിന്‍ കേസില്‍ അഞ്ചാം പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ജിജി തോംസണെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ .

കേസില്‍ പ്രതിയെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ സ്വീകരിച്ചത്. കേസ് നീണ്ട് പോകുന്നത് കാരണം തനിക്ക ലഭിക്കേണ്ട പല പ്രൊമോഷനുകളും നഷ്ട്ടപ്പെടുകയാണ് എന്ന് ജിജി തോംസണ്‍ന്റെ വാദം തെറ്റാണ്. പതിനെട്ട് വര്‍ഷമായി ജിജി തോംസണ് തോന്നാത്ത കാര്യം ഇപ്പോള്‍ തോന്നിയത് എന്ത് കൊണ്ടാണ്?

അടിസ്ഥാനപരമായി തികച്ചും തെറ്റായ പ്രതിയുടെ വാദത്തെ എതിര്‍ക്കേണ്ട സര്‍ക്കാര്‍ പകരം പ്രതിയെ സഹായിക്കുന്ന നിലപാടാണ് ഹൈക്കോടതിയില്‍ സ്വീകരിച്ചത്. വി.എസ് ആരോപിച്ചു.

ഐസ്‌ക്രീം കേസില്‍ അന്വേഷണം തൃപ്തികരമല്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും വി.എസ് പറഞ്ഞു. പാമൊലിന്‍ കേസില്‍ തുടരന്വേഷണ ഉത്തരവ് ഹൈക്കോടതി ഇന്ന് സ്‌റ്റേ ചെയ്തിരുന്നു.

കേസിലെ അഞ്ചാം പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ജിജി തോംസണ്‍ സമര്‍പ്പിച്ച ഹരജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി തുടരന്വേഷണ ഉത്തരവ് താല്‍ക്കാലികമായി സ്‌റ്റേ ചെയ്തത്. തുടരന്വേഷണം റദ്ദാക്കണമെന്ന ഹരജിക്കാരന്റെ ആവശ്യം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ എതിര്‍ത്തിരുന്നില്ല. ഇതിനെതിരെയാണ് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.