കോഴിക്കോട്: പാമോയില്‍ കേസ് പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക ജഡ്ജി പി.കെ.ഹനീഫയെ പരസ്യമായി വിമര്‍ശിച്ചത് ശരിയായില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ജുഡീഷ്യറിയെ പരസ്യമായി വിമര്‍ശിക്കുന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യമല്ലെന്നും ഇത്തരം പരാതികള്‍ അതാത് ഫോറങ്ങളിലാണ് പറയേണ്ടതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

അതേസമയം ന്യായാധിപന്‍മാര്‍ വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കേണ്ടവരാണെന്നും പാമോലിന്‍ കേസില്‍ നിന്ന് ജഡ്ജി പിന്‍മാറിയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ മുല്ലപ്പള്ളി പറഞ്ഞു .

പാമോയില്‍ കേസില്‍ ജഡ്ജി പി.കെ.ഹനീഫ അധികാരപരിധി ലംഘിക്കുന്നു എന്നാരോപിച്ച് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും ് പരാതി നല്‍കിയതാണ് വിവാദമായത്.

നേരത്തെ ജോര്‍ജ്ജിന്റെ നടപടിക്കെതിരെ വൈദ്യതമന്ത്രി ആര്യാടന്‍ മുഹമ്മദ് രംഗത്ത വന്നിരുന്നു. കേസില്‍ വിജിലന്‍സ് ജഡ്ജിക്കെതിരെ ആരോപണമുന്നയിക്കാന്‍ പി.സി.ജോര്‍ജ്ജിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജഡ്ജിക്കെതിരെ സംശയമുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കാന്‍ പാടില്ലായിരുന്നുവെന്നുമാണ് ആര്യാടന്റെ പ്രതികരണം.