ന്യൂദല്‍ഹി: പാമോയില്‍ കേസ് പിന്‍വലിക്കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ ശ്രമം ദുരുദ്ദേശ പരമല്ലേ എന്ന് സുപ്രീം കോടതി. പാമോയില്‍ കേസില്‍ കരുണാകരനെ വിചാരണ ചെയ്യുന്നതിലുള്ള സ്‌റ്റേ മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

രാഷ്ട്രീയ പകപോക്കലാണ് കേസിന്നാധാരമെന്ന് കരുണാകരന്റെ അഭിഭാഷകന്‍ കെ.കെ വേണുഗോപാല്‍ വാദിച്ചിരുന്നു. അങ്ങനെയെങ്കില്‍ 2005ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പാമോയില്‍ കേസ് പിന്‍വലിക്കാന്‍ ശ്രമിച്ചത് ദുരുദ്ദേശ പരമല്ലേ എന്ന് കോടതി ചോദിച്ചു.

പാമോയില്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനെതിരെ വിചാരണക്കോടതിയില്‍ നടപടികള്‍ തുടരാനുള്ള ഹൈക്കോടതി ഉത്തരവിന് ഏര്‍പ്പെടുത്തിയ സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ പത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

2007 ഓഗസ്ത് മൂന്നിനാണ് വിചാരണ നടപടികള്‍ തുടരാനുള്ള ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി സ്‌റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തു കരുണാകരന്‍ നല്‍കിയ പ്രത്യേകാനുമതി ഹരജിയിലായിരുന്നു തീരുമാനം. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസിന്റെ വിചാരണ സ്‌റ്റേ കാരണം മാറ്റിവയ്ക്കപ്പെടുകയാണ്. സ്റ്റാന്റിങ് കൗണ്‍സില്‍ ആര്‍ സതീഷ് ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.