Categories

പാമോലിന്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു: ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയതില്‍ പ്രതിഷേധം

തിരുവനന്തപുരം: പാമോലിന്‍ കേസിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ അഹമ്മദ് രാജിവെച്ചു. കേസില്‍ നിന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്താനാക്കിയതിനോട് യോജിക്കാനാവില്ലയെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.

ആഭ്യന്തര സെക്രട്ടറിയ്ക്ക് ഇന്നലെയാണ് രാജിക്കത്ത് നല്‍കിയത്. രാജിക്കാര്യം പി.എ അഹമ്മദ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. കേസ് ഈ മാസം 23ന് പരിഗണിക്കാനിരിക്കെയാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ രാജി.

പാമോലിന്‍ കേസില്‍ അന്വേഷണ സംഘം തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് താനുമായി ആലോചിക്കാതെയാണെന്ന് പി.എ അഹമ്മദ് ആരോപിക്കുന്നു. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളോട് യോജിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

വി.എസ് അച്യുതാനന്ദന്റെ കാലത്താണ് പാമോലിന്‍ കേസ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി വി.എ അഹമ്മദിനെ നിയമിച്ചത്. അതിനുശേഷം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അദ്ദേഹം തന്നെ തുടരുകയായിരുന്നു.

നേരത്തെ കേസ് പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പി.കെ ഹനീഫ പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷണവിധേയമാക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഈ വിധി പുറത്തുവന്നതിനെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞത്.

ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന ജഡ്ജി പി.കെ ഹനീഫയുടെ വിധി ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് കേസ് പരിഗണിക്കുന്നതില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹനീഫ ഹൈക്കോടതി സമീപിച്ചു. അദ്ദേഹം ആവശ്യപ്പെട്ടപ്രകാരം കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

ഇതിനുശേഷം കേസ് പരിഗണിച്ച തൃശൂര്‍ വിജിലന്‍സ് കോടതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ തെളിവില്ലെന്നും അന്വേഷണം നടത്തേണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യുട്ടറുടെ രാജിയോടെ പാമോലിന്‍ കേസ് വീണ്ടും രാഷ്ട്രീയവിവാദത്തിന് കാരണമായിരിക്കുകയാണ്.

പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രാജിവെച്ചതോടെ ഉമ്മന്‍ചാണ്ടിയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Malayalam news

Kerala news in English 

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.